എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിക്കെതിരെ കേസ്. എംഎല്‍എയുടെ ഭാര്യ നല്‍കിയ പരാതിയില്‍ എറണാകുളം കുറുപ്പംപടി പൊലീസാണ് കേസെടുത്തത്. എംഎല്‍എയുടെ മൊബൈല്‍ ഫോണ്‍ യുവതി മോഷ്ടിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
അതിനിടെ എല്‍ദോസ് കുന്നപ്പിള്ളില്‍ മുന്‍കൂര്‍ ജാമ്യം തേടി വീണ്ടും കോടതിയെ സമീപിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് എല്‍ദോസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസിലാണ് എംഎല്‍എ മുന്‍കൂര്‍ ജാമ്യം തേടിയത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, കേസില്‍ നിന്നും പിന്‍മാറാനായി കൃത്രിമ രേഖ ചമക്കല്‍, മര്‍ദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എല്‍ദോസിനെതിരെ വഞ്ചിയൂര്‍ പൊലീസ് ഇന്നലെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
കേസില്‍ നിന്നും പിന്‍മാറാന്‍ അഭിഭാഷകന്റെ ഓഫീസില്‍ വച്ച് രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും മര്‍ദ്ദിച്ചുവെന്നുമാണ് മൊഴി. ഈ കേസില്‍ പരാതിക്കാരിയുടെ മൊഴി ഇന്ന് വഞ്ചിയൂര്‍ പൊലീസ് രേഖപ്പെടുത്തി.
കേസില്‍ നിന്ന് പിന്‍മാറണമെന്നും മൊഴി നല്‍കരുതെന്നും എല്‍ദോസ് ഇപ്പോഴും ആവശ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞ് പരാതിക്കാരി രംഗത്തുവന്നു. എന്ത് സംഭവിച്ചാലും ഉത്തരവാദി എല്‍ദോസ് ആണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം എംഎല്‍എയെ ഇന്ന് പരാതിക്കാരിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കും. ഇന്നലെ കോവളം ഗസ്റ്റ് ഹൗസ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലെത്തിച്ച് തെളിവെടുത്തിരുന്നു. വരുംദിവസങ്ങളില്‍ പെരുമ്പാവൂരിലെത്തിച്ചും തെളിവെടുക്കും.