വയോധികയായ യാത്രക്കാരിയെ ആക്രമിച്ച് മാല കവർന്ന കേസ്; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് വയോധികയായ യാത്രക്കാരിയെ ആക്രമിച്ച് മാല കവർന്ന കേസിൽ ഒളിവിലായിരുന്ന ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് കൊളത്തറ സ്വദേശി ഉണ്ണികൃഷ്‌ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയോധികയുടെ രണ്ട് പവന്റെ മാലയാണ് ഇയാൾ കവർന്നത്. വയോധിക സഞ്ചരിച്ചിരുന്ന ഓട്ടോയിലെ ഓട്ടോ ഡ്രൈവറാണ് ഉണ്ണികൃഷ്‌ണൻ. മാലയുമായി കടന്ന് കളഞ്ഞ ഇയാളെ കണ്ടെത്താൻ പൊലീസ് വ്യാപക അന്വേഷണം നടത്തി വരികയായിരുന്നു.

വയനാട് ഇരുളം സ്വദേശി ജോസഫീന യാണ് ആക്രമണത്തിന് ഇരയായത്. ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ട്രെയിൻ ഇറങ്ങി കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിലേക്ക് പോകാൻ ഓട്ടോയിൽ കയറിയതായിരുന്നു ജോസഫീന. ആഭരണം കവർന്ന ശേഷം ഓട്ടോ ഡ്രൈവർ ജോസഫീനയെ വഴിയിൽ തള്ളി കടന്ന് കളഞ്ഞു. വീഴ്ചയിൽ ജോസഫീനയുടെ താടിയെല്ലിനും പല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

വീഴ്ചയിൽ പരുക്കേറ്റ ജോസഫീന പുലർച്ചെ മഴ നനഞ്ഞ് ഒരു മണിക്കൂറോളമാണ് റോഡിൽ കിടന്നത്. വഴിയിൽ കൂടി പോയ യാത്രക്കാരെരോട് സഹായം അഭ്യർഥിച്ചെങ്കിലും ആരും സഹായിച്ചില്ല. താടിയെല്ലിനും പല്ലിനും ഏറ്റ ഗുരുതര പരിക്കുമായി അര കിലോമീറ്ററോളം നടന്ന് ബസിൽ കയറി സഹോദരന്റെ വീട്ടിലെത്തിയ ശേഷമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവർ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.