വീഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്തുവെന്നുമാണ് പരാതി.
കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുമെന്ന് വ്യക്തമാക്കി കൊണ്ടാണ് ഹര്‍ജി തള്ളിയത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സൗത്ത് പൊലീസാണ് സൂരജിനെതിരെ കേസെടുത്തത്. യൂട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചെന്നാണ് ആരോപണം. ക്രൈം ഓണ്‍ലൈന്‍ മാനേജിങ് ഡയറക്ടര്‍ ടി പി നന്ദകുമാറിനെതിരേ പരാതി നല്‍കിയ അടിമാലി സ്വദേശിനിയാണ് സൂരജിന് എതിരെയും പൊലീസില്‍ പരാതി നല്‍കിയത്.
ടി പി നന്ദകുമാറിന് എതിരെ പരാതി നല്‍കിയ യുവതിയെ കുറിച്ച് സൂരജ് മോശമായ രീതിയില്‍ വീഡിയോ ചിത്രീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്. തുടര്‍ന്ന് സൂരജ് പാലാക്കാരന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ അയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.