മൂന്നാർ മാട്ടുപ്പെട്ടി ഡാമിന് സമീപം അവശനിലയിൽ കുട്ടിയാനയെ കണ്ടെത്തി.ഡാമിൽ ബോട്ടിംഗ് നടത്താനെത്തിയ വിനോദസഞ്ചാരികളാണ് കുട്ടിയാനയെ അവശനിലയിൽ ആദ്യം കണ്ടെത്തിയത്. രണ്ടു വയസ് തോന്നിക്കുന്ന പിടിയാനയാണ് അവശനിലയിൽ കിടക്കുന്നത്.നിലവിൽ പിടിയാന വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്.കുട്ടിയാനക്ക് വൈറസ് ബാധയാണെന്ന സംശയത്തിലാണ് വനംവകുപ്പ്.
ഒരാഴ്ചയായി ഡാമിന്റെ പരിസരത്ത് അവശനിലയിലുള്ള കുട്ടിയാന കിടക്കുകയാണ്.തുടർന്ന് നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഹെർപീസ് വൈറസ് ബാധയാണെന്ന സംശയത്തിലാണ് വനം വകുപ്പ്.ആനക്കൂട്ടത്തിനൊപ്പം നടന്ന കുട്ടിയാന പിന്നീട് ഒറ്റക്കാവുകയായിരുന്നു. സാധാരണ ആനക്കൂട്ടത്തിനൊപ്പം വന്ന് പുഴയിൽ നിന്ന വെള്ളം കുടിച്ച് തിരിച്ചു പോകുന്ന കുട്ടിയാന കഴിഞ്ഞ ഞായാറാഴ്ച തിരികെ പോയിരുന്നില്ല. ഇപ്പോൾ കൂടുതൽ സമയവും കിടപ്പിലാണ് ആന.
അതേ സമയം മൂന്നാറിലെ തോട്ടം മേഖലയിൽ കുട്ടിയാനകൾ ഉൾപ്പെടെയുള്ള ഒരു ആനക്കൂട്ടം എത്തിയിരുന്നു. അതിൽ നിന്നും കൂട്ടം തെറ്റിയ ആനയാവാനും സാധ്യതയുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. നിലവിൽ ഡാമിന് പരിസരത്ത് തളർന്നുകിടക്കുകയാണ് ആന.