സമൂസയ്ക്കുള്ളില്‍ ചത്ത പല്ലി; തൃശൂരില്‍ കട പൂട്ടിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍

തൃശൂര്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ ചായക്കടയില്‍ നിന്ന് വാങ്ങിയ സമൂസയില്‍ പല്ലിയെ കണ്ടെത്തിയതായി പരാതി. ബസ് സ്റ്റാന്റിന് സമീപം കൂടല്‍മാണിക്യം റോഡിന്റെ വശത്ത് പ്രവര്‍ത്തിക്കുന്ന ബബിള്‍ ടീ എന്ന കടയില്‍ നിന്ന് വാങ്ങിയ സമൂസയിലാണ് പല്ലിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്.

ആനന്ദപുരം സ്വദേശിയായ തോണിയില്‍ വീട്ടില്‍ സിനിയും ഭര്‍ത്താവ് രാജേഷും ബബിള്‍ ടീയില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം വാങ്ങിയ പാഴ്‌സല്‍ വീട്ടിലെത്തി തുറന്നപ്പോഴാണ് പല്ലിയെ കണ്ടെത്തിയത്. മക്കള്‍ കഴിക്കുമ്പോഴാണ് പല്ലിയെ കണ്ടെത്തിയതെന്ന് പരാതിക്കാരന്‍ അറിയിച്ചു. പരാതിയ്ക്ക് പിന്നാലെ ആരോഗ്യവകുപ്പ് അധികൃതര്‍ കടയിലെത്തി പരിശോധന നടത്തി.

ഇതിന് പിന്നാലെ കട താത്കാലികമായി പൂട്ടിച്ചു. കടയിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡി ഇല്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാര്‍ഡ് എടുത്ത ശേഷം കട തുടര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.