ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു

യൂണിവേഴ്‌സിറ്റി കോളജിൽ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനം. ഇതുപ്രകാരം അഡ്ഹോക്ക് കമ്മിറ്റിയെ തെരഞ്ഞെടുക്കും.

കഴിഞ്ഞ ദിവസം സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യൂണിറ്റ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. കേസില്‍ പ്രതികളായ അമല്‍, മിഥുന്‍, അലന്‍ വിധു എന്നിവരുടെ അറസ്റ്റ് ആണ് കോടതി തടഞ്ഞത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാം വര്‍ഷ ഇസ്ലാമിക ഹിസ്റ്ററി വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനാണ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റത്.

എസ്എഫ്‌ഐയിലെ തന്നെ അംഗമാണ് മർദ്ദനമേറ്റ മുഹമ്മദ് അനസും. പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ സംഘം മർദ്ദിച്ചുവെന്നുമാണ് മുഹമ്മദ് അനസിന്റെ പരാതി. വിദ്യാർത്ഥിയുടെ വൈകല്യമുള്ള കാലിൽ ചവിട്ടി പിടിച്ചശേഷം എസ്എഫ്ഐ ഭാരവാഹികൾ കമ്പി കൊണ്ട് അടിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു. യൂണിയൻ റൂമിൽ വിളിച്ച് എസ്എഫ്ഐ ഭാരവാഹികൾ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.