പാലക്കാട് മലമ്പുഴയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടുത്തം. സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്ന പ്ലാന്റായ ഇമേജിലാണ് തീപിടുത്തമുണ്ടായത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്.പാലക്കാട് ജില്ലയിലെ ഫയര്‍ഫോഴ്‌സ് യൂണീറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രിക്കുകയാണ്.
പ്ലാന്റിലെ ഒരു സ്‌റ്റോര്‍ മുഴുവനായി കത്തി നശിച്ചു. തീപിടുത്തമുണ്ടായ സമയത്ത് സ്റ്റോറില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായമില്ല. തൊട്ടടുത്തുള്ള പ്ലാന്റിലേക്ക് തീ പടരുന്നത് തടയാനായുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.മലമ്പുഴ ഡാമിന് എതിര്‍വശത്താണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. അടുത്തുള്ള വനത്തില്‍ നിന്നാണി ഇവിടേക്ക് തീ പടര്‍ന്നത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
അതേ സമയം മാലിന്യ സംസ്‌കാരണ പ്ലാന്റിന്റെ ഭാഗത്തുണ്ടായ വീഴ്ച്ചയാണ് തീപിടുത്തം ഉണ്ടാകാന്‍ കാരണമെന്ന് കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ കുറ്റപ്പെടുത്തി. കാട്ടുതീ പടര്‍ന്നതാണ് തീപിടിക്കാന്‍ കാരണമെന്ന് കരുതുന്നില്ല. സംസ്‌കരിക്കാന്‍ കഴിയുന്നതിലും അധികം മാലിന്യങ്ങള്‍ പ്ലാന്റില്‍ ഉണ്ടായിരുന്നു ഇതാണ് തീ പിടുത്തത്തിലേക്ക് നയിച്ചത് എന്നും അവര്‍ ആരോപിച്ചു.