അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ മയക്കുവെടിവെച്ചു. രക്ഷാ ദൗത്യത്തിന്റെ മൂന്നാം ദിവസമാണ് ആനയെ മയക്കുവെടിവെക്കാനായത്. നാല് തവണ വെടിവച്ചിരുന്നു. അതിലൊരെണ്ണം ആനയുടെ പിൻകാലിൽ കൊണ്ടു. ആനയ്ക്ക് ചികിത്സ തുടങ്ങിയതായി വെറ്ററിനറി സർജൻ ഡോ. ബി ബി ഗിരിദാസ് പറഞ്ഞു.
രാവിലെ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ആനയെ കണ്ടെത്തിയത്. നാല് ആനകൾക്കൊപ്പം ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിലാണ് ആനയെ ആദ്യം കണ്ടെത്തിയത്. മൂന്ന് കൊമ്പൻമാരും ഒരു പിടിയുമാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടം മാറിയ വേളയിലാണ് ആനയെ മയക്കുവെടിവെച്ചത്. ഒരു ഘട്ടത്തിൽ ദൗത്യ സംഘത്തിന് നേരെ ആന പാഞ്ഞടുക്കുന്ന സ്ഥിതിയുമുണ്ടായി.
കഴിഞ്ഞ ദിവസം ഉച്ചയോടെ ദൗത്യ സംഘത്തിന്‍റെ വരുതിയില്‍ നിന്നും കുതറിമാറി കാട്ടിലേക്ക് കടന്ന ആനയെ പിന്നീട് കണ്ടെത്തായിരുന്നില്ല. ഇന്നലെ ആറു സംഘങ്ങളിലായി തിരിഞ്ഞ് പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്റെ വിവിധ ബ്ലോക്കുകളിലും ഉള്‍വനത്തിലും പരിശോധന നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.