റീല്‍സുകളോടുള്ള ഇന്ത്യക്കാരുടെ ജനപ്രീതി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യത്തെ ഡാറ്റ സെന്ററിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് മെറ്റ. ഇന്ത്യക്കാര്‍ക്ക് ചെറുവീഡിയോകളോടുള്ള താത്പര്യം വര്‍ദ്ധിച്ചതാണ് പുതിയ നീക്കത്തിന്റെ കാരണം. ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് റീല്‍സ് പ്രേമികളുടെ എണ്ണം വര്‍ദ്ധിച്ചത്.
ആദ്യഘട്ടത്തില്‍ 10 മുതല്‍ 20 വരെ മെഗാവാട്ട് ശേഷിയുള്ള ചെറു ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നതിന്റെ സാധ്യതകളാണ് മെറ്റയുടെ നീക്കം. ഇതിനായി മെറ്റ വകയിരുത്തുന്ന തുക സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല. ടയര്‍ ഫോര്‍ ഡാറ്റ സെന്റര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിന് 50 മുതല്‍ 60 കോടി രൂപ വരെയാണ് ചെലവ്.
ഡാറ്റ സെന്റര്‍ നിലവില്‍ വരുന്നതോടെ 500 മുതല്‍ 1200 കോടി രൂപ വരെയാണ് മെറ്റ ഇന്ത്യയില്‍ നിക്ഷേപിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. 2020 ജൂലൈയിലാണ് ഇന്ത്യയില്‍ ഇന്‍സ്റ്റാഗ്രാം റീല്‍സ് കൊണ്ടുവന്നത്.