തിരുവനന്തപുരം തമ്പാനൂരിലെ ആര്യാ നിവാസിന് മുന്നിൽ വെച്ച് തന്റെ സഹോദരിയുടെടെ മകനെ അജ്ഞാതൻ തട്ടികൊണ്ട് പോകാൻ ശ്രമിച്ചുവെന്ന് സംശയിക്കുന്നതായി മാധ്യമ പ്രവർത്തകയായ പ്രമീള ഗോവിന്ദ്. കാറിനുള്ളിൽ മുൻ സീറ്റിൽ കുട്ടി മാത്രം ഇരിക്കുമ്പോൾ ഒരാൾ ഡോർ വലിച്ചു തുറന്നു. പുറകിൽ ഇരുന്ന ജർമ്മൻ ഷേപ്പേർഡ് പട്ടിയെയും അനിയനെയും ഇയാൾ ശ്രദ്ധിച്ചില്ല. പട്ടിയുടെ കുരയും അനിയൻ്റെ ബഹളവും കേട്ട് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് പ്രമീള ഗോവിന്ദ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
തമ്പാനൂർ പൊലിസിൽ പരാതിപ്പെട്ടെങ്കിലും മാനസിക രോഗിയാണെന്ന് പറഞ്ഞ് പൊലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തില്ലെന്നും പ്രമീള പറയുന്നു. ജനങ്ങളുടെ അരക്ഷിതാവസ്ഥ ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തിര ഇടപ്പെടൽ ഉണ്ടായേ മതിയാകു എന്നും പ്രമീള ആവശ്യപ്പെട്ടു.
പ്രമീള ഗോവിന്ദിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ചില കാര്യങ്ങൾ ഗൗരവത്തോടെ അധികൃതരുടെ ശ്രദ്ധയിൽപെടുത്താൻ വേണ്ടി കൂടിയാണ് ഈ പോസ്റ്റ്. ഇന്ന് ഉച്ചക്ക് തമ്പാനൂർ ആര്യാ നിവാസിന് മുന്നിൽ വെച്ച് അനിയത്തിയുടെ മകനെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചുവെന്ന് ഞങ്ങൾ സംശയിക്കുന്നു. കാറിനുള്ളിൽ മുൻ സീറ്റിൽ കുട്ടി മാത്രം ഇരിക്കുമ്പോൾ ഒരാൾ ഡോർ വലിച്ചു തുറന്നു. പുറകിൽ ഇരുന്ന ജർമ്മൻ ഷേപ്പേർഡ് പട്ടിയെയും അനിയനെയും ഇയാൾ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. പട്ടിയുടെ കുരയും അനിയൻ്റെ ബഹളവും കേട്ട് ഇയാൾ ഓടി രക്ഷപ്പെട്ടു.ഇതേ ആൾ തൊട്ട് മുമ്പ് അനിയത്തിയും ഇളയ മകനും എൻ്റെ മകളുമൊന്നിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോൾ കുട്ടികളെ രൂക്ഷമായി ഫോക്കസ് ചെയ്ത് നോക്കിയത് കണ്ട് അവർക്ക് അസ്വസ്ഥത തോന്നിയതായി കുട്ടികളും അനിയത്തിയും പറയുന്നു. വളരെ മാന്യനെന്ന് തോന്നിക്കുന്ന രീതിയിൽ ബൂട്ട്സും പാൻ്റ്സും ഷർട്ടും ജാക്കറ്റും ധരിച്ച് സിഗരറ്റ് വലിച്ച് നിന്നയാളാണ്. താടിയുണ്ട്. മാസ്കും ഇട്ടിട്ടുണ്ട്. എന്തായാലും തുടർന്ന് ഞങ്ങൾ തമ്പാനൂർ പോലിസിൽ പരാതിപ്പെട്ടു. അനിയൻ പോലിസിന് ഒപ്പം ചെന്ന് ആളെ തമ്പാനൂർ പരിസരത്ത് വെച്ച് തന്നെ ഐഡൻ്റിഫൈ ചെയ്തു. എന്നാൽ പോലിസ് ഇയാളെ അപ്പോൾ കസ്റ്റഡിയിലെടുത്തില്ല. കുറച്ച് ദിവസമായി ആളെ ഇവിടെയൊക്കെ കാണാറുണ്ട്. മാനസിക രോഗിയാണ്. ചില വണ്ടിയിൽ ഒക്കെ ഇയാൾ കയറി ഇരിക്കാറുണ്ട്. സാറിന് വേണ്ടി ഞങ്ങൾ സ്റ്റേഷനിൽ കൊണ്ട് ചെന്ന് രണ്ട് ഇടിയിടിച്ചാൽ ഒരു കാര്യവുമില്ല.നാളെ ക്യാരേജ് വന്ന് ഒന്നിച്ച് ഇത്തരത്തിലുള്ള കുറേ പേരെ കയറ്റി വിടും എന്നാണ് മറുപടി. ചില സംശയങ്ങൾ ബാക്കി.
1. ഇയാൾ മാനസിക രോഗിയാണ് എന്ന് പോലിസ് ഒറ്റയടിക്ക് ഉറപ്പിച്ചത് എങ്ങിനെയാണ്? മാനസിക രോഗികളെയും ഇടിച്ചാണോ ജനകീയ പോലീസ് നന്നാക്കുന്നത്?
2. മാനസിക രോഗികൾ ചികിത്സ കിട്ടാതെ സമൂഹത്തിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന് അവർക്കും മറ്റുള്ളവർക്കും പ്രശ്നമുണ്ടായാൽ ഇതാണോ നിയമപരമായി ജനകീയ പോലിസിന് ചെയ്യാനുള്ളത്?
3. മാനസിക രോഗികൾ പലതും ചെയ്യാറുണ്ട്. പിഡോഫീലിയയും മാനസിക രോഗമാണ്. ഇയാൾ അത്തരക്കാരനല്ല എന്നുറപ്പ് നൽകാനാവുമോ? നാളെയോ മറ്റന്നാളോ അടുത്ത ആഴ്ചയോ പോലീസിന് സൗകര്യമുണ്ടാകുന്ന വരെ ഇയാൾ ആർക്കും ഒരു ഉപദ്രവവും വരുത്തില്ല എന്ന് ഉറപ്പുണ്ടോ?
4. ചൈൽഡ് ട്രാഫിക്കിങ്ങ് ഏറ്റവും ഗുരുതരമായ അവസ്ഥയിലുള്ള രാജ്യത്ത് ഇത്ര ലാഘവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യുന്നത് എങ്ങിനെയാണ് ?
കോവിഡിന് ശേഷം അലഞ്ഞ് തിരിയുന്ന മാനസിക രോഗികളുടെ എണ്ണം മുൻപെങ്ങും ഇല്ലാത്തവണ്ണം നഗരത്തിൽ വലാതെ വർധിച്ചതായി നേരത്തെ തന്നെ ശ്രദ്ധയിൽപെട്ടിരുന്നു. ഇയാൾ മലയാളിയല്ല എന്നുറപ്പാണ്. എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ ഇതര സംസ്ഥാനക്കാരെയെല്ലാം കുറ്റവാളികളെന്ന് സംശയിച്ച് ഭയക്കുന്ന ഒരു സാഹചര്യമുണ്ടായാൽ അത് അപകടകരമാണ്. അവർക്കും നമുക്കും ഈ അരക്ഷിതാവസ്ഥ ഒഴിവാക്കാൻ അടിയന്തിര ഇടപ്പെടൽ ഉണ്ടായേ മതിയാകു. ഒരൽപ്പം ശ്രദ്ധിച്ചാൽ വലിയ അബദ്ധങ്ങൾ ഒഴിവാകും.( ആളിൻ്റെ ഫോട്ടോ ഒഴിവാക്കുന്നു.)