ആലപ്പുഴയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് 32 വര്‍ഷമായി കിടപ്പിലായിരുന്ന ഇക്ബാലിന് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ആലപ്പുഴ ചാത്തനാട് താണുപറമ്പില്‍ മുഹമ്മദ് ഇക്ബാലിന് 1992 ഫെബ്രുവരി 21 ന് ആയിരുന്നു വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നത്. അപകടത്തില്‍ നട്ടെല്ലിനായിരുന്നു ഗുരുതര പരിക്ക്.
ഇതേ തുടര്‍ന്ന് ഇക്ബാലിന് അരയ്ക്കു താഴേയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടു. ഇരിക്കാനോ മലര്‍ന്നു കിടക്കാനോ കഴിയില്ലാത്തതിനാല്‍ 32 വര്‍ഷമായി കമിഴ്ന്നുകിടന്നാണു ജീവിതം. തുടര്‍ ചികിത്സയ്ക്കായി ഒരുപാട് വാതിലുകള്‍ മുട്ടിയെങ്കിലും ഫലമുണ്ടായില്ല. ദുരിത ജീവിതത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സഹായഹസ്തവുമായി യൂസഫലി എത്തിയത്.
കഴിഞ്ഞ ദിവസം ഇക്ബാലിന്റെ വീട്ടിലെത്തി ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍ബി സ്വരാജ് അഞ്ച് ലക്ഷം രൂപയുടെ ഡിഡി കൈമാറി. യൂസഫലിയുടെ സഹായത്തിന് ജീവിതം മുഴുവന്‍ കടപ്പെട്ടിരിക്കുമെന്നാണ് ഇക്ബാല്‍ പറഞ്ഞു.