വിഴിഞ്ഞത്ത് പുതിയ തുറമുഖം ഉടൻ യാഥാർത്ഥ്യമാകും; 140 കോടി മുതൽമുടക്കിൽ നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ അന്തിമഘട്ടത്തിൽ

വിഴിഞ്ഞത്ത് പുതിയ തുറമുഖം ഉടൻ യാഥാർത്ഥ്യമാകുമെന്ന് റിപ്പോർട്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോടു ചേർന്ന പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള ആധുനിക മീൻപിടിത്ത തുറമുഖമാണ് ഉടൻ യാഥാർഥ്യമാകാൻ പോകുന്നത്. 140 കോടി മുടക്കുമുതലിൽ നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ അന്തിമഘട്ടത്തിലാണ്.

വിഴിഞ്ഞത്തെ നിലവിലെ മീൻപിടിത്ത തുറമുഖത്തിനും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുമിടയിലുള്ള വലിയ കടപ്പുറത്താണ് തുറമുഖം വരുന്നത്. വമ്പൻ മത്സ്യബന്ധന ബോട്ടുകൾക്കുൾപ്പെടെ അടുക്കാൻ പറ്റുന്ന രീതിയിൽ 500 മീറ്റർ നീളമുള്ള ബർത്താണ് ഇവിടെ പണിയുന്നത്. പൂണെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനാണ് രൂപരേഖ തയ്യാറാക്കുന്നത്.

70 കോടി രൂപ തുറമുഖനിർമാണത്തിനും 70 കോടി പുലിമുട്ട് നിർമാണത്തിനുമാണ് ഉപയോഗിക്കുന്നത്. നേരത്തെ അദാനി തുറമുഖ കമ്പനിയെക്കൊണ്ട് നിർമാണം നടത്തിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ, ആദ്യഘട്ടത്തിലെ രൂപരേഖയിൽ കാര്യമായ മാറ്റം വന്നതിനാൽ, നിർമാണത്തിന് പുതിയ ടെൻഡർ ക്ഷണിക്കേണ്ടിവരും. എന്നാൽ, തുറമുഖനിർമാണ മേഖലയിൽ അദാനി ഗ്രൂപ്പിനുള്ള സാങ്കേതികവൈദഗ്ദ്ധ്യം മത്സ്യബന്ധന തുറമുഖ നിർമാണത്തിന് ഉപയോഗപ്പെടുത്തണമെന്ന വാദവും സർക്കാർ പരിഗണിക്കും.

കേരള സർക്കാരിനായി വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡാണ് വിഴിഞ്ഞത്ത് പുതിയ തുറമുഖം രൂപകല്പന ചെയ്തു നിർമിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിർമാണത്തിൻ്റെ ഒന്നാംഘട്ടം പൂർത്തിയാകുമ്പോൾ, പുതിയ മീൻപിടിത്ത തുറമുഖം നിർമിക്കാനായിരുന്നു മുൻപത്തെ തീരുമാനം. എന്നാൽ, സാങ്കേതികപ്രശ്‌നങ്ങളും മറ്റും കാരണം ഇതു നീണ്ടുപോവുകയായിരുന്നു.