സംസ്ഥാനത്തെ ബിജെപിയിൽ അടിമുടി മാറ്റം. നിലവിലെ കമ്മറ്റിയെ ഒഴിവാക്കി പകരം പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കും. അതേസമയം സംസ്ഥാന കമ്മിറ്റിയിൽ വർക്കിംഗ് പ്രസിഡൻറ് ഉണ്ടാകില്ല. കേരളത്തിലെ ബിജെപിയുടെ നേതൃസ്ഥാനത്ത് മുൻ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ബിജെപിയുടെ നിർണായക നീക്കം.
പുതിയ ഭാരവാഹികളെ ബിജെപി സംസ്ഥാന അധ്യക്ഷൻ നോമിനേറ്റ് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ അടക്കം ചുമതലകൾ നിർവ്വഹിക്കാൻ പുതിയ ആളുകളെ തിരഞ്ഞെടുക്കും. ഇപ്പോഴുള്ള ചിലരെ നിലനിർത്തിക്കൊണ്ടാവും പുതിയ ആളുകളെ നിരയിലേക്ക് കൂട്ടിച്ചേർക്കുക.
രാജീവ് ചന്ദ്രശേഖറിനെ പ്രസിഡൻറ് ആയി തിരഞ്ഞെടുത്തത് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു. കേന്ദ്ര തീരുമാനം പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ കോർ കമ്മിറ്റിയെ അറിയിച്ചു. കോർ കമ്മിറ്റിയാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്. നാളെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. ഇതോടെ അഞ്ച് വർഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന നിലവിലെ അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെ സ്ഥാനമൊഴിയും.