'24000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്'; കേരളത്തിന് അർഹമായ തുക വലിയ തോതിൽ കിട്ടാനുണ്ട്: കെ എൻ ബാലഗോപാൽ

പുതിയ ഗവണ്മെന്റ് വന്നതിന് ശേഷമുള്ള കേന്ദ്ര സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രതീക്ഷയുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കഴിഞ്ഞ ബജറ്റിനേക്കാൾ വ്യത്യസ്‌തമായിരിക്കും ഈ തവണത്തെ കേന്ദ്ര ബജറ്റ്. കേരളത്തിന് അർഹമായ തുക വലിയ തോതിൽ കിട്ടാനുണ്ടെന്നും 24000 കോടിയുടെ പാക്കേജാണ് നമ്മൾ കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

ബജറ്റിന് മുന്നോടിയായി ചേർന്ന പ്രീ ബജറ്റ് മീറ്റിങ്ങിലാണ് കേരളത്തിന്റെ ആവശ്യങ്ങൾ അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന് 5000 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവേയുടെ വികസനത്തിന് വേണ്ടിയും വയനാട് ചുരത്തിന് വേണ്ടിയുമെല്ലാം പണം അനുവദിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. കേരളത്തിന് അർഹമായ തുക അത്രയും ലഭിക്കാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആകെ 24000 കോടിയാണ് ആവശ്യപ്പെട്ടത്. കേരളത്തിന് അർഹമായ തുക വലിയ തോതിൽ കിട്ടാനുണ്ട്. എന്നാൽ ആ തുക അത്രയും നമ്മൾ ചോദിച്ചിട്ടില്ലെന്നും, രണ്ട് വർഷകാലത്തെ കടപരിതി വെട്ടിക്കുറച്ചത് മാത്രം ഏകദേശം അത്രയും തുകവരുമെന്നും മന്ത്രി പറഞ്ഞു.

ബിജെപിയുടെ മുൻപത്തെ നയങ്ങൾ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയും അതവർക്ക് തിരിച്ചടിയാവുകയും ചെയ്‌തിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ മനസിലാക്കി ജനക്ഷേമപരമായ കാര്യങ്ങൾ ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ ഒരുമിച്ച് നിൽക്കാമെന്ന് കേരളത്തിലെ എംപിമാരും യോഗത്തിൽ ഉറപ്പുനൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Read more