വഴിയാത്രക്കാരനെ ആക്രമിച്ച് തലയ്ക്ക് പരിക്കേല്‍പ്പിച്ചു; സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തിരുന്ന ശ്രീജിത്ത് അറസ്റ്റില്‍; സമരപ്പന്തല്‍ പൊളിച്ചുമാറ്റി കോര്‍പ്പറേഷന്‍

അനുജന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തുവന്നിരുന്ന ശ്രീജിത്തിന്റെ ആക്രമണത്തില്‍ വഴിയാത്രക്കാരന് പരിക്ക്. പ്രതിയുടെ ആക്രമണത്തില്‍ വഴിയാത്രക്കാരന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തെ തുടര്‍ന്ന് ശ്രീജിത്തിന്റെ പേരില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ പൊലീസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തു. സെക്രട്ടേറിയറ്റിന് മുന്നിലെ ശ്രീജിത്തിന്റെ സമരപ്പന്തല്‍ കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റി. വഴിയാത്രക്കാരെ അസഭ്യം വിളിച്ചതിന് ഇയാളുടെ പേരില്‍ നേരത്തെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സെക്രട്ടേറിയറ്റിന്റെ മതിലിനു മുകളില്‍ കയറി മുഖ്യമന്ത്രി പിണറായി വിജയനെ ശ്രീജിത്ത് അസഭ്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു.

ഈ സംഭവത്തിലും പൊലീസ് ശ്രീജിത്തിനെതിരെ കേസെടുത്തിരുന്നു. സഹോദരന്റെ കസ്റ്റഡി മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്തും മാതാവും ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

Read more

എന്നാല്‍ സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചിട്ടും ശ്രീജിത്ത് സമരം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ശ്രീജിത്ത് നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതേ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ സമരപ്പന്തല്‍ പൊളിച്ചുമാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നത്.