തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരിക്കെ ശരീരത്തിൽ പുഴുവരിച്ച രോഗി മരിച്ചു. വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറാണ്(56) മരിച്ചത്.
കഴിഞ്ഞ വർഷം സെപ്തംബറിലാണ് അനിൽ കുമാറിനെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് ബാധിതനായിരുന്ന അനിൽ കുമാറിന് മെഡിക്കൽ കോളേജിൽ കൃത്യമായ പരിചരണം ലഭിക്കാത്തതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായ മുറിവിൽ പഴുവരിച്ച സംഭവം ഏറെ വിവാദമായിരുന്നു.
പുഴുവരിച്ച സംഭവത്തിന് ശേഷം പൂർണ്ണ ആരോഗ്യവാനായിരുന്നില്ല അനിൽകുമാർ. ചികിത്സയിലിരിക്കെ ഡയപ്പർ മാറ്റാത്തതിനെ തുടർന്ന് അന്ന് ഉണ്ടായ മുറിവ് ഭേദമായിരുന്നില്ലെന്ന് മകൾ പറഞ്ഞു.
2020 ആഗസ്ത് 21 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴിയുണ്ടായ വീഴ്ചയിൽ അനിൽകുമാറിന് പിടലിക്ക് പരിക്ക് പറ്റിയിരുന്നു. ആദ്യം പേരൂർക്കട ആശുപത്രിയിലും അവിടുന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.
Read more
അവിടെ ചികിത്സയിലിരിക്കെ സെപ്തംബർ 26ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാകുന്നത്. 27ന് ആശുപത്രിയിലെത്തി അനിൽകുമാറിനെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് ശരീരം പുഴുവരിച്ച നിലയിൽ കണ്ടത്.