പത്തനംതിട്ടയിൽ ആത്മഹത്യ ചെയ്ത പത്തൊമ്പത്കാരി ഗായത്രിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് രണ്ടാനച്ഛൻ ചന്ദ്രശേഖരൻ പിള്ള. ഗായത്രി ആത്മഹത്യ ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും മരണത്തിൽ അമ്മ രാജിക്കൊപ്പം ഇപ്പോൾ താമസിക്കുന്ന ആദർശിനെ സംശയമുണ്ടെന്നും ചന്ദ്രശേഖരൻ പറഞ്ഞു. മകളുടെ മരണം ആത്മഹത്യയാണെങ്കിൽ പിന്നിലെ കാരണം കണ്ടെത്തണമെന്നും ചന്ദ്രശേഖരൻ പിള്ള ആവശ്യപ്പെട്ടു.
അടൂരിലെ ആർമി റിക്രൂട്ട്മെൻ്റ് പരിശീലന കേന്ദ്രത്തിലേക്ക് മകളെ പഠിക്കാൻ വിടരുതെന്ന് താൻ പറഞ്ഞിരുന്നതായും ചന്ദ്രശേഖരൻ പറഞ്ഞു. ആദർശ് എന്ന ഒരാൾ തന്നെ കുറച്ച് നാൾ മുമ്പ് വിളിച്ചിരുന്നു. ഗായത്രിയെ കണ്ടുകൊണ്ടാണ് ആ വീട്ടിൽ കയറിയതെന്ന് ആദർശ് തന്നോട് പറഞ്ഞു. ആദർശിനേക്കുറിച്ചും അടൂരിലെ പരിശീലന കേന്ദ്രത്തെക്കുറിച്ചും അന്വേഷണം നടത്തണം എന്നും ചന്ദ്രശേഖരൻപിള്ള ആവശ്യപ്പെട്ടു.
ഗായത്രി തൂങ്ങി മരിച്ചെന്ന് കണ്ട ദിവസം രാവിലെ വരെ ആദർശ് വീട്ടിലുണ്ടായിരുന്നെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. ലോറി ഡ്രൈവറായ ആദർശ് ഗോവക്ക് പോയെന്നാണ് ഇപ്പോൾ വിശദീകരിക്കുന്നതെന്നും രണ്ടാനച്ഛൻ ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.
അതേസമയം അടൂരിലെ ആർമി റിക്രൂട്ട്മെൻ്റ് പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണ് ഗായത്രിയുടെ മരണത്തിന് പിന്നിലെ കാരണമെന്നാണ് അമ്മ രാജി പറഞ്ഞത്. മകളെ അധ്യാപകൻ ആദ്യം ഡേറ്റിങിന് ക്ഷണിച്ചുവെന്നും വഴങ്ങാതെ വന്നപ്പോൾ ഭീഷണിയായെന്നും അമ്മ പറഞ്ഞിരുന്നു. വിനോദയാത്രയ്ക്ക് പോയപ്പോഴാണ് മകളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഇത് കാട്ടി അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്നും രാജി ആരോപിച്ചു.
അതേസമയം അധ്യാപകനിൽ നിന്ന് ഗായത്രി കടുത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് അമ്മ ആരോപിച്ചിരുന്നു. അഗ്നിവീർ കോഴ്സ് വിദ്യാർഥിയായ മുറിഞ്ഞ കല്ല് സ്വദേശിയായ ഗായത്രിയെയാണ് വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാരിയായ അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പെൺകുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അടൂരിലെ ആർമി റിക്രൂട്ട്മെൻ്റ് പരിശീലന കേന്ദ്രത്തിലെ വിദ്യാർഥിയായിരുന്ന ഗായത്രി.