മൂന്നാറില്‍ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടാനയുടെ മുന്നില്‍ നിന്ന് ഫോട്ടോയെടുത്ത രണ്ട് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. ഓള്‍ഡ് മൂന്നാര്‍ സ്വദേശികളായ സെന്തില്‍, രവി എന്നിവര്‍ക്കെതിരെയാണ് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. സെന്തില്‍ ഫോട്ടോയ്ക്ക് വേണ്ടി ആനയുടെ മുന്നില്‍ നിന്നപ്പോള്‍ രവിയാണ് ചിത്രം പകര്‍ത്തിയത്.
ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വനം വകുപ്പ് നടപടി സ്വീകരിച്ചത്. കന്നിമലയിലും തെന്മലയിലുമായി രണ്ട് പേരെ കൊലപ്പടുത്തിയ കട്ടക്കൊമ്പന്റെ മുന്നില്‍ നിന്നെടുത്ത ചിത്രങ്ങളാണ് വിവാദമായത്. മൂന്നാര്‍ സെവന്‍മല എസ്റ്റേറ്റ്, പാര്‍വതി ഡിവിഷന്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കട്ടക്കൊമ്പന്‍ നിലയുറപ്പിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ആശങ്കയിലായിരുന്നു.
ആക്രമണകാരിയായ കാട്ടാനയുടെ തൊട്ടുമുന്നില്‍ നിന്ന് ചിത്രമെടുത്തത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്. ചൂട് കൂടിയതിനാല്‍ കാട്ടാനകള്‍ ജനവാസ മേഖലയില്‍ എത്തുകയാണെന്നും അവയുടെ അടുത്തേക്ക് പോകരുതെന്നും പ്രകോപിപ്പിക്കരുതെന്നും വനംവകുപ്പ് അറിയിച്ചു.