വിവാദങ്ങളില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂര്‍വ ജീവിയാണ് മുഖ്യമന്ത്രിയെന്ന് സുധാകരന്‍ പരിഹസിച്ചു. പുതുപ്പള്ളിയില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനെത്തിയ വേളയിലും മുഖ്യമന്ത്രി വിവാദങ്ങളോട് പ്രതികരിക്കാത്ത സാഹചര്യത്തിലാണ് സുധാകരന്റെ പരിഹാസം.
വാ തുറന്നാല്‍ കള്ളം മാത്രം പറയുന്ന പാര്‍ട്ടിയായ സിപിഎം, പക്ഷേ കരിവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കുടുങ്ങി പോയി. കരുവണ്ണൂരില്‍ വലിയ തട്ടിപ്പാണ് നടന്നത്. സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.സി മൊയ്തീന്‍ പ്രതിയാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അന്വേഷണം നടക്കട്ടെ, കുറ്റക്കാരെ പുറത്തു കൊണ്ടുവരട്ടെ.
പുതുപ്പള്ളിയില്‍ ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് ഒരക്ഷരം പോലും പറയാന്‍ മുഖ്യമന്ത്രിക്ക് ഇല്ലായിരുന്നു. മുഖ്യമന്ത്രി തന്റേതാക്കാന്‍ ശ്രമിക്കുന്ന കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, മലയോര ഹൈവേ തുടങ്ങിയവയെല്ലാം ഉമ്മന്‍ ചാണ്ടിയുടെ ഭരണ നേട്ടങ്ങളാണെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അവയൊന്നും സ്വന്തമാക്കാന്‍ പിണറായി വിജയനു സാധിക്കില്ല.
മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ താന്‍ നല്‍കിയ മാനനഷ്ടകേസ് ഗൗരവമുള്ളതാണ്. ഗോവിന്ദനെ ശിക്ഷിക്കണമെന്നില്ല. എന്റെ നിരപരാധിത്വം തെളിയിക്കാനാണ് മാനനഷ്ടകേസുമായി മുന്നോട്ട് പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു.