തലസ്ഥാനത്ത് സ്‌കൂള്‍ ബസിനുള്ളില്‍ കത്തിക്കുത്ത്; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തിയത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ സ്‌കൂള്‍ ബസിനുള്ളില്‍ വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. നെട്ടയത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയ്ക്കാണ് അതേ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിയുടെ ആക്രമണമുണ്ടായത്.

നെട്ടയം മലമുകളില്‍ വച്ചാണ് ബസിനുള്ളില്‍ ആക്രമണം നടന്നത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം സ്‌കൂള്‍ വിട്ട ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുവരും തമ്മില്‍ സ്‌കൂളില്‍ വെച്ച് നേരത്തെയുണ്ടായ തര്‍ക്കത്തിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

കുത്തിയ വിദ്യാര്‍ത്ഥിയെ വട്ടിയൂര്‍ക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരുക്ക് ഗുരുതരമല്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.