വിഴിഞ്ഞം തീരത്ത് ഇന്ന് രണ്ടാമത്തെ ചരക്ക് കപ്പലെത്തും. വിഴിഞ്ഞത്ത് ആദ്യമെത്തിയ സാൻ ഫർണാണ്ടോ മടങ്ങിയതിന് ശേഷമായിരിക്കും ബർത്തിംഗ്. ഉച്ചയ്ക്ക് ഒരു മണിയോടെ സാൻ ഫെർണാണ്ടോ കപ്പൽ തുറമുഖം വിടും. അതേസമയം ആദ്യഘട്ട കമ്മീഷൻ പൂർത്തിയാകുന്ന ഈ വർഷം തന്നെ അടുത്ത ഘട്ടവും തുടങ്ങും.
മറീൻ അസർ എന്ന ഫീഡർ കപ്പലാണ് കൊളൊംബോയിൽ നിന്ന് ഇന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്. കപ്പൽ തുറമുഖത്തിന്റെ പുറംകടലിൽ നങ്കൂരമിട്ടിട്ടുണ്ട്. അതേസമയം ട്രയൽ റണ്ണായതിനാൽ വ്യാഴാഴ്ച വിഴിഞ്ഞത്തെത്തിയ സാൻ ഫെർണാണ്ടോയിൽ നിന്ന് വളരെ സാവകാശമായിരുന്നു കണ്ടെയ്നറുകൾ ഇറക്കിയതും കയറ്റിയതും ആകെ 1930 കണ്ടെയ്നറുകളാണ് തുറമുഖത്ത് ഇറക്കിയത്. ഇതിൽ 607 കണ്ടെയ്നറുകൾ തിരികെ കപ്പലിലേക്ക് കയറ്റി റീപൊസിഷൻ നടത്തും. ഇതിന് ശേഷമാകും കപ്പലിന്റെ മടക്കം.
അതേസമയം ഈ വർഷം തന്നെ അടുത്ത ഘട്ടവും തുടങ്ങും. അദാനി പൂർണ്ണമായും പണം മുടക്കുന്ന രണ്ടാം ഘട്ടം 2028ൽ തീർക്കും. 4 വർഷം കൊണ്ട് 9600 കോടിയുടെ നിക്ഷേപമാണ് കേരളതീരത്തേക്ക് വരുന്നത്. പക്ഷെ റോഡ്-റെയിൽ കണക്ടീവിറ്റിയാണ് പ്രശ്നം. സ്ഥലമേറ്റെടുക്കൽ കടമ്പ. തുറമുഖം മുന്നിൽ കണ്ടുള്ള റിംഗ് റോഡ് പദ്ധതികളും ഒന്നുമായില്ല. കമ്മീഷൻ ചെയ്ത് 15 ആം വർഷം മുതൽ ലാഭമെന്നാണ് കണക്ക്. വളരെ വൈകിയെങ്കിലും ഒടുവിൽ കപ്പലെത്തുമ്പോൾ ബാക്കി പ്രതിസന്ധികളും മറികടന്നുള്ള കുതിപ്പിനാണ് കാത്തിരിപ്പ്.
ഇക്കഴിഞ്ഞ ദിവസമാണ് സാൻ ഫെർണാണ്ടോ വിഴിഞ്ഞം തീരമണഞ്ഞത്. സാൻ ഫെർണാണ്ടോ കപ്പലിന് ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. കപ്പലിന് വാട്ടർ സല്യൂട്ട് നൽകി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിംഗ് കമ്പനിയായ മെസ്കിന്റെ കപ്പലാണ് സാൻ ഫെർണാണ്ടോ. നൂറ്റിപ്പത്തിലധികം രാജ്യങ്ങളിൽ കാർഗോ സേവനങ്ങൾ നൽകുന്ന ഡാനിഷ് കമ്പനിയാണ് മെർസ്ക്. ഡേവൂ ഷിപ്പ് ബിൽഡിംഗ് കമ്പനി 2014 ൽ നിർമ്മാണം പൂർത്തിയാക്കിയ സാൻ ഫെർണാണ്ടോയ്ക്ക് 300 മീറ്റർ നീളവും 48 മീറ്റർ വീതിയുമുണ്ട്. 9000 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുണ്ട് സാൻ ഫെർണാണ്ടോക്ക്. ഇക്കഴിഞ്ഞ മാസം 22നാണ് സാൻ ഫെർണാണ്ടോ ഹോങ്കോങ്ങ് വിട്ടത്.