ഗോള്‍ പോസ്റ്റ് തലയില്‍ വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

തമിഴ്‌നാട്ടില്‍ ഗോള്‍ പോസ്റ്റ് തലയില്‍ വീണ് മലയാളിയായ ഏഴ് വയസുകാരന് ദാരുണാന്ത്യം. തമിഴ്നാട് ചെന്നൈയിലെ ആവടിയിലുള്ള വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ ആണ് സംഭവം. വ്യോമസേന ജീവനക്കാരനും തിരുവല്ല സ്വദേശിയുമായ രാജേഷ് പണിക്കരുടെ മകന്‍ അദ്വിക് ആണ് മരിച്ചത്.

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അദ്വിക്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുകയായിരുന്നു അദ്വിക്. ഇതിനിടെ കല്ലില്‍ ഉറപ്പിച്ച നിലയില്‍ ഉണ്ടായിരുന്ന ഗോള്‍ പോസ്റ്റ് മറിഞ്ഞ് അദ്വികിന്റെ തലയില്‍ വീഴുകയായിരുന്നു. ഗോള്‍ പോസ്റ്റ് മറിയുന്നതുകണ്ട് കുട്ടി ഓടിമാറാന്‍ ശ്രമിച്ചെങ്കിലും തലയിലേക്ക് വീണു.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ സംസ്‌കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് തിരുവല്ലയില്‍ നടക്കും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.