കോട്ടയത്ത് ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; നിലവിളിച്ചതോടെ പ്രതി കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു

കോട്ടയത്ത് ക്ഷേത്രോത്സവത്തിനിടെ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം. പാലാ പുലിയന്നൂര്‍ ക്ഷേത്രോത്സവത്തിനിടെയാണ് ക്ഷേത്രമുറ്റത്ത് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

പുലിയന്നൂര്‍ ക്ഷേത്രോത്സവത്തിന് ശേഷം പരിസര പ്രദേശങ്ങളിലുള്ളവര്‍ ക്ഷേത്രമുറ്റത്തായിരുന്നു കിടന്നുറങ്ങിയത്. ഈ സമയം മാതാപിതാക്കള്‍ക്കും സഹോദരനും ഒപ്പം ക്ഷേത്രമുറ്റത്ത് കിടന്നുറങ്ങിയ കുട്ടിയ്ക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. ക്ഷേത്രത്തില്‍ നിന്ന്
നൂറ് മീറ്റര്‍ അകലെയുള്ള സ്ഥലത്തുകൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കാനായിരുന്നു ശ്രമം.

കുട്ടി ഉണര്‍ന്ന് നിലവിളിച്ചതോടെ പ്രതി കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പടെ ചുമത്തി പാലാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് വരുന്നതായി പൊലീസ് അറിയിച്ചു.