കൊല്ലം അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മുന്‍ സൈനികര്‍ 19 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. പത്താന്‍കോട്ട് യൂണിറ്റിലെ മുന്‍ സൈനികരായ അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണൂര്‍ സ്വദേശി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. സിബിഐ ചെന്നൈ യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്.
2006ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ അവിവാഹിതയായ രഞ്ജിനിയ്ക്ക് ദിബില്‍ കുമാറില്‍ ഇരട്ടക്കുട്ടികള്‍ ജനിച്ചിരുന്നു. എന്നാല്‍ കുട്ടികളുടെ പിതൃത്വം ഏറ്റെടുക്കാന്‍ ദിബില്‍ കുമാര്‍ തയ്യാറായില്ല. ഇതുസംബന്ധിച്ച് ദിബില്‍ കുമാറിനെതിരെ രഞ്ജിനിയും കുടുംബവും പരാതികളുന്നയിച്ചിരുന്നു.
തുടര്‍ന്ന് വിഷയം വനിത കമ്മീഷന്റെ മുന്നിലെത്തിയതോടെ കുട്ടികളുടെ ഡിഎന്‍എ അടക്കം പരിശോധിക്കാന്‍ നിര്‍ദ്ദേശമുണ്ടായി. ഇതിന് പിന്നാലെയാണ് ദിബില്‍ കുമാറും രാജേഷും ചേര്‍ന്ന് രഞ്ജിനിയും കുട്ടികളും മാത്രം വീട്ടിലുള്ളപ്പോള്‍ ഇവിടെയെത്തി മൂവരെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ 2006 ജനുവരി മുതല്‍ ഏപ്രില്‍ വരെ ഇരുവരും അവധിയിലായിരുവെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇരുവരും സൈന്യത്തിലേക്ക് മടങ്ങിയില്ല. ഇതോടെ പ്രതികള്‍ രാജ്യം വിട്ടതാകുമെന്ന തരത്തിലായിരുന്നു അന്വേഷണം മുന്നോട്ടുപോയത്.
2012ല്‍ കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യത്തിനകത്തും പുറത്തും അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ഇരുവരെയും കുറിച്ച് പൊലീസിന് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ആദ്യം 50,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പാരിതോഷികം രണ്ട് ലക്ഷമാക്കി ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല.
എന്നാല്‍ കഴിഞ്ഞ 5 വര്‍ഷമായി സിബിഐ ഇരുവരെയും കുറിച്ച് ഊര്‍ജിതമായി അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ രണ്ടാഴ്ചകളിലായി ഇവരെക്കുറിച്ചുള്ള വിവരം ചെന്നൈ യൂണിറ്റിലെത്തിയിരുന്നത്. തുടര്‍ന്നാണ് പോണ്ടിച്ചേരിയില്‍ വ്യാജ പേരുകളില്‍ മറ്റൊരു മേല്‍വിലാസം ഉപയോഗിച്ച് ഇരുവരും ജീവിക്കുന്നതായി കണ്ടെത്തിയത്.
ഇരുവരും സ്‌കൂള്‍ അധ്യാപികമാരെ വിവാഹം ചെയ്ത് കുട്ടികളുമായി കുടുംബ സമേതം കഴിയുന്നതായി സിബിഐ കണ്ടെത്തിയത്. പോണ്ടിച്ചേരിയില്‍ നിന്ന് പിടികൂടിയ ഇരുവരെയും കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കി.