പാട്ട് പാടിക്കൊണ്ടിരുന്ന ആറ് വയസുകാരിയ്ക്ക് മൈക്ക് പൊട്ടിത്തെറിച്ച് പരിക്ക്; അപകടം ചാര്‍ജ്ജ് ചെയ്തുകൊണ്ട് മൈക്ക് ഉപയോഗിക്കുന്നതിനിടെ

പാലക്കാട് പാട്ട് പാടിക്കൊണ്ടിരുന്ന ആറ് വയസുകാരിയ്ക്ക് മൈക്ക് പൊട്ടിത്തെറിച്ച് പരിക്ക്. കല്ലിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫിന്‍സ ഐറിന്‍ ആണ് അപകടത്തില്‍ പരിക്കേറ്റത്. ചാര്‍ജ്ജ് ചെയ്തുകൊണ്ടിരുന്ന മൈക്ക് ഉപയോഗിച്ചതാണ് അപകടത്തിന് കാരണം. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്.

ഫിന്‍സ സ്വയം റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ മൈക്ക് പൊട്ടിത്തെറിക്കുന്നത് കാണാം. ഓണ്‍ലൈനില്‍ വാങ്ങിയ 650 രൂപ വിലയുള്ള മൈക്കാണ് പൊട്ടിത്തെറിച്ചത്. മൈക്ക് ചാര്‍ജിലിട്ടാണ് ഉപയോഗിക്കുന്നതെന്നതും വീഡിയോയില്‍ വ്യക്തമാണ്. ചാര്‍ജിലിട്ട് ഉപയോഗിച്ച് പാടുന്നതിനിടെ വലിയ ശബ്ദത്തോടെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു.

Read more

പൊട്ടിത്തെറിയെ തുടര്‍ന്നുള്ള ആറ് വയസുകാരിയുടെ പരിക്കുകള്‍ ഗുരുതരമല്ല. ചൈനീസ് നിര്‍മ്മിതമായ മൈക്കാണ് കുട്ടി ഉപയോഗിച്ചതെന്ന് പിതാവ് ഫിറോസ് പറഞ്ഞു. മൈക്കിന്റെ കമ്പനി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ പരാതി നല്‍കണോ എന്ന ആശങ്കയിലാണ് കുടുംബം. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ്ജ് ചെയ്തുകൊണ്ട് ഉപയോഗിക്കുന്നത് ഏറെ അപകടകരമാണ്.