ആറാട്ടുകളങ്ങര കണ്ണമംഗലം റോഡില്‍ വയറിനുള്ളില്‍ എയര്‍ഗണ്‍ വെടിയുണ്ടകളുമായി തെരുവുനായയെ കണ്ടെത്തി. അവശനിലയില്‍ അനങ്ങാന്‍ കഴിയാത്ത നിലയില്‍ നായയെ കണ്ടതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ വെടിയുണ്ടകള്‍ കണ്ടത്.
എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായ നായയെ സമീപവാസികളുടെ പരിചരണത്തിലൂടെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തി. എന്നാല്‍ ശ്രമം വിഫലമായതിനെത്തുടര്‍ന്ന് വാക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്ഹോകസ് കൂട്ടായ്മയെ വാട്സ്ആപില്‍ വിവരം അറിയിച്ചു. അംഗങ്ങള്‍ എത്തി നായയ്ക്ക് ശുശ്രൂഷ നല്‍കി. മൃഗാശുപത്രി ഡോക്ടറും സ്ഥലത്തെത്തി കുത്തിവയ്പ്പും മരുന്നും നല്‍കി.
രണ്ട് വെടിയുണ്ടകള്‍ വയറ്റിലും ഒരെണ്ണം അന്നനാളത്തിലുമായാണുള്ളത്. ശസ്ത്രക്രിയയിലൂടെ ബുള്ളറ്റുകള്‍ നീക്കം ചെയ്താലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചേക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
സമീപത്തെ വീട്ടില്‍ നായക്ക് സംരക്ഷണം ഒരുക്കി. എന്നിട്ടും നായയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഇല്ലാത്തതിനെത്തുടര്‍ന്നാണ് കൂട്ടായ്മ അംഗങ്ങള്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യ മൃഗാശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ വാക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്ഹോകസി പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി.
നായയ്ക്കു നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് പരീശിലനം നടത്തിയതാകാമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.