സുംബയ്ക്ക് മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീ-ഷര്‍ട്ട്; കനത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് അധ്യാപക സംഘടന രംഗത്ത്

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ സുംബയ്ക്ക് മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീ-ഷര്‍ട്ട് നല്‍കിയ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. തിരുവനന്തപുരത്ത് ബുധനാഴ്ച നടക്കാനിരിക്കുന്ന മെഗാ സുംബയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ചിത്രം പതിപ്പിച്ച ടീ ഷര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്.

വിദ്യാര്‍ത്ഥികള്‍ക്കായി നോ ഡ്രഗ്‌സ് എന്ന് എഴുതിയ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ചുവന്ന ടീ-ഷര്‍ട്ടാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പുറത്തിറക്കിയത്. ഇതേ തുടര്‍ന്ന് സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് അധ്യാപക സംഘടന രംഗത്തെത്തി. സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് കെപിഎസ്ടിഎ ആരോപിച്ചു.

തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലെ ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കുന്നതാണ് ബുധനാഴ്ച നടക്കാനിരിക്കുന്ന മെഗാ സുംബ. പുതിയ തലമുറ ലഹരിയിലേക്ക് വീഴാതിരിക്കാനായി സ്‌കൂളുകളില്‍ നടപ്പാക്കാനിരിക്കുന്ന ആരോഗ്യ-കായിക പദ്ധതിയായാണ് സുംബ നൃത്തം സ്‌കൂളുകളിലെത്തുക.

സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനും സുംബയും സംയുക്തമായി നടപ്പാക്കുകയാണ് ബുധനാഴ്ച നടത്തുന്ന പരിപാടിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ ഉദ്ഘാടനം. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കൂടിയാണിത്.