നാല്‍പ്പത്തിയഞ്ച് ദിവസത്തില്‍ ഒരിക്കല്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം നേരിട്ടെത്തി റോഡുകള്‍ പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നാല് ഘട്ടം ആയിട്ടാണ് പരിശോധന നടത്തുക. സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം ഒരു മാസത്തിലൊരിക്കല്‍ റോഡ് പരിശോധന നടത്തും. ഇവര്‍ എല്ലാ മാസവും റിപ്പോര്‍ട്ട് നല്‍കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഉദ്യോഗസ്ഥര്‍ ഫീല്‍ഡില്‍ കൂടുതലായി ഇടപെടണം. റോഡിലൂടെ യാത്ര ചെയ്ത് റോഡുകളിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിയണം. ഉദ്യോഗസ്ഥര്‍ താഴേത്തട്ടിലേക്ക് ഇറങ്ങി പരിശോധന തുടങ്ങിയിട്ടുണ്ട്. റണ്ണിംഗ് റോഡ് കോണ്‍ട്രാക്ട് പരിശോധന തുടരും. ചിലയിടങ്ങളില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തീര്‍ഥാടന കാലം തുടങ്ങും മുമ്പ് ശബരിമല റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. റോഡ് പണി കൃത്യമാണോ എന്നറിയാന്‍ ശബരിമലയുമായി ബന്ധപ്പെട്ട് 19 റോഡുകളില്‍ അടുത്ത മാസം 19, 20 ന് നേരിട്ടെത്തി പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.