സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു, സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷ പരിപാടികളും മാറ്റി

വയനാട് ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നും നാളെയും (ചൊവ്വ, ബുധന്‍) ദുഃഖാചരണം. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഇന്നും നാളെയും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷ പരിപാടികളും മാറ്റിവെച്ചുവെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

ഉരുള്‍പൊട്ടലില്‍ ഇതുവരെ 63 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ 35 മൃതദേഹങ്ങളും വിംസ് ആശുപത്രിയില്‍ 8 മൃതദേഹങ്ങളുമുണ്ട്. ചാലിയാറില്‍ ഒഴുകിയെത്തിയ 20 മൃതദേഹങ്ങളാണ് നിലമ്പൂരിന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന് കണ്ടെത്തിയത്. ഇവ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വൈത്തിരി താലൂക്ക് ആശുപത്രിയിലും മലപ്പുറം ചുങ്കത്തറ ആശുപത്രിയിലും ഒരു മൃതദേഹം വീതവുമുണ്ട്. എഴുപതിലേറെപ്പേര്‍ വിവിധ ആശുപത്രിയിലായി ചികിത്സയിലാണ്.

അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്നാമ് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂര്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതീവ ജാഗ്രത വേണമെന്നുമാണ് നിര്‍ദേശം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്നും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്നും ആളുകള്‍ മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

സംസ്ഥാനത്ത് 8 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതല്‍ കാസര്‍കോട് വരെ റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.