ശബരിമല തീര്‍ത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

വൈറ്റിലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 12 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഡ്രൈവര്‍ ഉള്‍പ്പടെ 3 പേരുടെ നില ഗുരുതരമാണ്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിലെ സേലത്ത് നിന്നുള്ള 15 അംഗ ശബരിമല തീര്‍ത്ഥാടന സംഘവും ആന്ധ്ര രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ ഡ്രൈവറുമാണ് വാനില്‍ ഉണ്ടായിരുന്നത്. ഇടപ്പള്ളി-വൈറ്റില ബൈപ്പാസില്‍ ചക്കരപ്പറമ്പ് ജങ്ഷന് സമീപമാണ് അപകടം നടന്നത്. പിന്നോട്ടെടുക്കുകയായിരുന്ന ലോറിയിലേക്ക് വാന്‍ ഇടിച്ചുകയറുകയായിരുന്നു.

Read more

തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി വാഹനം പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. പരിക്കേറ്റവര്‍ ആസ്റ്റല്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവറുടെ നില അതീവ ഗുരുതരമാണെന്നാണ് അറിയുന്നത്.