തിരുവനന്തപുരത്ത് പൊതുവഴിയില്‍ നടന്ന സംഘര്‍ഷം പൊലീസില്‍ വിളിച്ചറിയിച്ച യുവാവിനെ മര്‍ദ്ദിച്ച സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.
കൊല്ലം കൊട്ടിയം സ്വദേശി സാനിഷിനെയാണ് വഞ്ചിയൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അനീഷ് മര്‍ദ്ദിച്ചത്. കവറടി ജംഗ്ഷനില്‍ തിങ്കളാഴ്ച രാത്രി 12.30ന് ആയിരുന്നു സംഭവം നടന്നത്. കഴുത്തിന് കുത്തിപ്പിടിച്ച് പൊലീസ് വാഹനത്തിന്റെ ബോണറ്റില്‍ തല ഇടിപ്പിക്കുകയും സാനിഷിന്റെ മുഖത്ത് മര്‍ദ്ദിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
സിറ്റി കമ്മീഷ്ണര്‍ സിഎച്ച് നാഗരാജുവിന്റെ നിര്‍ദ്ദേശ പ്രകാരം അസിസ്റ്റന്റ് കമ്മീഷ്ണര്‍ അനുരൂപ് നടത്തിയ അന്വേഷണത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അനീഷിനെ സസ്‌പെന്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി സാനിഷ് താമസ സ്ഥലത്തേക്ക് പോകുന്ന വഴി കവറടി ജംഗ്ഷനില്‍ സംഘട്ടനം നടക്കുന്നത് പൊലീസില്‍ വിളിച്ച് അറിയിച്ചിരുന്നു.
തുടര്‍ന്ന് രാത്രി വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സാനിഷിനെ ഫോണില്‍ ബന്ധപ്പെടുകയും കവറടി ജംഗ്ഷനിലെത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. കവറടി ജംഗ്ഷനിലെത്തിയ സാനിഷിനെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. സാനിഷ് ഇതേ കുറിച്ച് പരാതി നല്‍കാന്‍ പിറ്റേ ദിവസം പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ അസഭ്യം വിളിച്ച് പുറത്താക്കിയതായും ആരോപണമുണ്ട്.