സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വ്ളോഗർ ജുനൈദ് അറസ്റ്റിൽ

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വ്ളോഗർ അറസ്റ്റിൽ. മലപ്പുറം വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്‌റ്റേഷൻ എസ്എച്ച്ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘമാണ് ബാഗ്ലൂരിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്.

ജുനൈദ് യുവതിയുമായി സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിക്കുകയും വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകുകയും ചെയ്ത ശേഷം രണ്ട് വർഷത്തോളമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലെ വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിക്കുകയായിരുന്നു. കൂടാതെ നഗ്ന ഫോട്ടോകൾ പകർത്തുകയും ഇത് സോഷ്യൽ മീഡിയ വഴി പുറത്ത് വിടുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുവതിയുടെ പരാതിയിൽ കേസെടുത്ത മലപ്പുറം പൊലീസ് നടത്തിയ അന്വഷണത്തിലാണ് പ്രതി ജുനൈദിനെ പിടികൂടിയത്. കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി വിദേശത്തേക്ക് പോയ ഇയാളെ ബാംഗ്ലൂർ എയർപോർട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഇൻസ്പെക്ടർ പി വിഷ്ണുവിൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിയമനടപടികൾക്ക് ശേഷം പ്രതിയെ ഇന്ന് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് കോടതിയിൽ ഹാജരാക്കും.