രാജ്യത്തെ തൊഴിലില്ലായ്മയ്ക്കെതിരെ നാളെ ഡിവൈഎഫ്‌ഐ ദല്‍ഹിയില്‍ മഹാപ്രക്ഷോഭം നടത്തുമെന്ന് രാജ്യസഭാ എംപി എഎ റഹിം. വര്‍ത്തമാനകാല ഇന്ത്യന്‍ ഭരണക്കാര്‍ യുവതയെ തൊഴിലില്ലായ്മയിലേക്കും അസമത്വത്തിലേക്കും വലിച്ചെറിയുമ്പോള്‍ പ്രതിഷേധത്തിന്റെ അഗ്‌നിജ്വാലയായി ഡിവൈഎഫ്‌ഐ തെരുവുകളിലേക്ക് ഇറങ്ങുകയാണെന്ന് അദേഹം പറഞ്ഞു.
തൊഴിലില്ലായ്മകാരണം വലയുന്ന യുവത്വത്തിന് തൊഴിലുറപ്പ് പദ്ധതികളുടെ രൂപത്തില്‍, അലവന്‍സ് നല്‍കി ആശ്വാസം പകരുക എന്നതാണ് സര്‍ക്കാരിന് ചെയ്യാവുന്നത്. എന്നാല്‍, അതിന് വിപരീതമായി യുവത്വത്തിന്റെ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈയടുത്ത കാലത്ത് പല പദ്ധതികളും നടപ്പാക്കുന്നത്. അഗ്‌നിപഥ് പദ്ധതിയാണ് ഇവയില്‍ പ്രധാനപ്പെട്ടത്. പദ്ധതി നടപ്പാക്കിയതുമുതല്‍ രാജ്യം സാക്ഷ്യംവഹിച്ച വലിയ സമരങ്ങള്‍ വിരല്‍ ചൂണ്ടുന്നത് യുവത്വം തൊഴിലില്ലായ്മമൂലം എത്ര വലയുന്നുണ്ട് എന്നതുതന്നെയാണ്. സായുധ സേനയില്‍ കരാര്‍തൊഴില്‍ സംവിധാനം നടപ്പാക്കുന്നത് രാജ്യസുരക്ഷയെ എങ്ങനെ ബാധിക്കാന്‍ പോകുന്നതെന്നത് ഇന്നും ആശങ്കയോടെയാണ് രാജ്യം നോക്കിക്കാണുന്നത്. സായുധസേന എന്നല്ല ഏത് മേഖലയുടെയും സ്വകാര്യവല്‍ക്കരണമാണ് ബിജെപി നയമെന്നും അദേഹം പറഞ്ഞു.
2021ല്‍ തൊഴില്‍മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ 45 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഇത് പൊടുന്നനെയുണ്ടായ വര്‍ധനയല്ല. 1990-കള്‍മുതല്‍ അധികാരത്തില്‍ വന്ന വിവിധസര്‍ക്കാരുകള്‍ സ്വീകരിച്ച നവലിബറല്‍ നയങ്ങളുടെ ഫലമാണിത്. 2014 മുതല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണത്തില്‍ ജനവിരുദ്ധനയങ്ങള്‍ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചു. തൊഴില്‍ വാഗ്ദാനം നിരന്തരം ലംഘിച്ചു. രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവും വര്‍ധിക്കുന്നതിലേക്ക് നയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നിയമനം നടത്തുന്ന തസ്തികകളിലെ ഒഴിവുകളുടെ എണ്ണം മോദി ഭരണത്തില്‍ കുതിച്ചുയരുകയാണ്. 2017–18ല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 10.87 ലക്ഷമായിരുന്നു. 2020–21-ല്‍ അത് 8.61 ലക്ഷമായി ചുരുങ്ങി. ഉദാഹരണത്തിന് കേന്ദ്രം നേരിട്ട് റിക്രൂട്ട്‌മെന്റ് നടത്തുന്ന സിഎപിഎഫില്‍ 2020 സെപ്തംബറിലെ കണക്ക് പ്രകാരം ഒരു ലക്ഷം ഒഴിവാണ് ഉണ്ടായിരുന്നത്. വിവിധ കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ക്കായി 2014 മുതല്‍ 22.05 കോടി അപേക്ഷ കേന്ദ്രത്തിന് ലഭിച്ചതില്‍, റിക്രൂട്ട്മെന്റിനായി ശുപാര്‍ശ ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ യഥാര്‍ഥ എണ്ണം 7.22 ലക്ഷംമാത്രം. കേന്ദ്ര പൊതുമേഖലാ സ്വകാര്യവല്‍ക്കരണവും തൊഴിലില്ലായ്മ വര്‍ധിപ്പിക്കുന്നു. വിവിധ കേന്ദ്ര സര്‍വകലാശാലകളിലായി എസ്സി വിഭാഗത്തില്‍ 958ഉം എസ്ടി വിഭാഗത്തില്‍ 576ഉം ഒബിസി വിഭാഗത്തില്‍ 1761ഉം അധ്യാപക ഒഴിവുകള്‍ ഒഴിഞ്ഞുകിടക്കുന്നു.
Read more
രാജ്യസഭയില്‍ ഡോ. വി ശിവദാസന്‍ ഉന്നയിച്ച ചോദ്യത്തിന് തൊഴില്‍മന്ത്രി നല്‍കിയ മറുപടിയില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം 2016 മുതല്‍ ഓരോ വര്‍ഷവും കുറയുകയാണെന്ന് വ്യക്തമാകുന്നുണ്ട്. 2016- -2021ല്‍ത്തന്നെ 2.68 ലക്ഷം കുറഞ്ഞുവെന്ന ഞെട്ടിക്കുന്ന കണക്കാണ് കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തിയത്. 2016–17ല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ 11.29 ലക്ഷം ജീവനക്കാരുണ്ടായിരുന്നു. 2021ല്‍ ഇത് 8.61 ലക്ഷമായി ചുരുങ്ങിയെന്നും റഹിം പറഞ്ഞു.