ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും നേരിട്ട് പങ്കെന്ന സ്വപ്ന സുരേഷിന്റെ മൊഴി പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി നടത്തുന്ന ഈ നീക്കങ്ങള്‍ ചിരിക്ക് മാത്രം വക നല്‍കുന്ന കാര്യമാണെന്ന് റഹീം പറഞ്ഞു. ഞങ്ങള്‍ക്ക് മടിയില്‍ കനമില്ല. അത് കൊണ്ട് ഞങ്ങളെ ഓലപ്പാമ്പ് കാട്ടാനേ പറ്റൂ. ആ ഓലപ്പാമ്പിനു പിന്നാലെ ഞങ്ങള്‍ പോകില്ലെന്നും റഹീം പറഞ്ഞു.
‘ ഇത് ചിരിക്ക് മാത്രം വക നല്‍കുന്ന ഒരു കാര്യമാണ്. ഇതിനോടുള്ള എന്റെ പ്രതികരണം സ്‌മൈലി മാത്രമാണ്. ഇവര്‍ക്ക് ആളുമാറിപ്പോയി. ഈ പടയൊരുക്കം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി യുഡിഎഫിനെതിരെയാണ് നടത്തിയതെന്ന് കരുതുക. കൂട്ടത്തോടു കൂടി കേരള മന്ത്രിസഭയിലെ അംഗങ്ങള്‍ ബിജെപി ആയി മാറിക്കഴിഞ്ഞേനെ. ഇതാണ് ഉത്തരേന്ത്യയില്‍ ഇവര്‍ പരീക്ഷിക്കുന്ന കാര്യം. ഞങ്ങള്‍ക്ക് മടിയില്‍ കനമില്ല. അത് കൊണ്ട് ഞങ്ങളെ ഓലപ്പാമ്പ് കാട്ടാനേ പറ്റൂ. ആ ഓലപ്പാമ്പിനു പിന്നാലെ ഞങ്ങള്‍ പോകില്ല. കേരളത്തിലെ ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ ബിജെപിയുടെ അധീശത്വം ഉറപ്പിക്കുന്നതിനു വേണ്ടി നടത്തുന്ന രാഷ്ട്രീയക്കളിയാണിതെന്ന് കേരളത്തിലെ മുഴുവന്‍ പ്രബുദ്ധരായ ആളുകള്‍ക്കും അറിയാം. പിന്നെ ഇത് എപ്പിസോഡ് രണ്ടാണ്. എപ്പിസോഡ് ഒന്ന് കണ്ടല്ലോ, എപ്പിസോഡ് രണ്ടും കൂടി അങ്ങ് ഓടിത്തീരട്ടെ, മെയ് രണ്ടിന് മലയാളികള്‍ ഇതിന് മറുപടി കൊടുത്തോളും,’ എഎ റഹിം പറഞ്ഞു.
ഡോളര്‍ കടത്തു കേസുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു വിവരവും ലഭ്യമല്ലെന്നും പിന്നില്‍ പ്രവര്‍ത്തിച്ച സംഘങ്ങളെ ആരൊക്കെയോ രക്ഷിക്കുകയാണെന്നും എഎ റഹീം ആരോപിച്ചു. ആദ്യം സ്വര്‍ണം ആയിരുന്നു. ഇപ്പോള്‍ ഡോളര്‍ ആണ് പോലും. ഇതു കഴിയുമ്പോള്‍ ഉണക്കമീന്‍ കടത്തി എന്നു പറയും. നേരത്തെ ഈത്തപ്പഴം ആണെന്ന് പറഞ്ഞു. ഇപ്പോള്‍ ഈത്തപ്പഴം വിട്ടോയെന്നും റഹീം ചോദിച്ചു.
‘ ഒറ്റ കാര്യം ഞാന്‍ ചോദിക്കുന്നു. കേരളത്തില്‍ എന്തിനായിരുന്നു എന്‍ഐഎ വന്നത്. ഈ കേസിലെ മൊഴി കൊടുത്തു എന്ന് പറയുന്ന യുവതി എന്തിനായിരുന്നു വന്നത്. ഇവര്‍ ഏത് കേസിലാണ് പ്രതി? എന്താണ് അവര്‍ക്കെതിരായ ആരോപണം? തീവ്രവാദ സംഘടനകള്‍ക്ക് വേണ്ടി സ്വര്‍ണം കടത്തിയെന്നാണ്. ഏതാണ് ആ തീവ്രവാദ സംഘടന? എന്‍ഐഎ കൊടുത്ത കുറ്റപത്രത്തില്‍ ആ തീവ്രവാദ സംഘടനയുടെ പേരെന്താണ്. എന്താണ് അത് പറയാത്തത്. ആ തീവ്രവാദ സംഘടനകളെ രക്ഷിച്ചതാര്‍ക്കു വേണ്ടിയാണ്. ഇതിങ്ങോട്ട് കടത്തിയവരുണ്ട്. അതിലൊരാളു പേരു പറ. ഏതെങ്കിലും പേര് പുറത്തു നിന്ന് ഇത് അയച്ച ആളുണ്ടോ? അപ്പോള്‍ സ്വര്‍ണം ആയിരുന്നു. ഇപ്പോള്‍ ഡോളര്‍ ആണ് പോലും. ഇതു കഴിയുമ്പോള്‍ ഉണക്കമീന്‍ കടത്തി എന്നു പറയും. നേരത്തെ ഈത്തപ്പഴം ആണെന്ന് പറഞ്ഞു. ഇപ്പോള്‍ ഈത്തപ്പഴം വിട്ടോ. കേരളത്തിലെ കോണ്‍ഗ്രസ് കിട്ടുന്ന കച്ചിത്തുരുമ്പില്‍ പിടിച്ച് അധികാരത്തില്‍ കയറാന്‍ നോക്കുകയാണ്. കാലം മാറി. ഈ ട്രാക്കൊന്നും ഇനി മലയാളികളുടെ മുന്‍പില്‍ നില്‍ക്കില്ല,’ എഎ റഹീം പറഞ്ഞു.