പുതുപ്പള്ളിയിൽ മത്സരിച്ചതും ജയിച്ചതും ഉമ്മൻ ചാണ്ടി; ആദ്യാവസാനം സഹതാപം ആളിക്കത്തിച്ച തിരഞ്ഞെടുപ്പെന്ന് എ എ റഹിം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വിജയത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റും എംപിയുമായ എ എ റഹിം. ‘അപ്പയുടെ പതിമൂന്നാം വിജയം’. അതിനപ്പുറത്ത് ഒരു രാഷ്ട്രീയവും പുതുപ്പള്ളി വിജയത്തിൽ യുഡിഎഫിന് അവകാശപ്പെടാനില്ല. ആദ്യാവസാനം സഹതാപം ആളിക്കത്തിച്ച തെരഞ്ഞെടുപ്പാണ് നടന്നതെന്നുമായിരുന്നു റഹിം പ്രതികരിച്ചത്.

പോളിംഗ് ബൂത്ത് വരെ അപ്പയായിരുന്നു. വിജയിച്ചതിന് ശേഷം മാത്രം എൽഡിഎഫ് സർക്കാരിനെതിരായ വിധിയെന്നൊക്കെ വിളമ്പുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ അല്പത്വമാണ്. അത്തരം ഒരു രാഷ്ട്രീയ അങ്കത്തിന് നിങ്ങൾ തയ്യാറായിരുന്നെങ്കിൽ മകനു പകരം കോൺഗ്രസ് നേതാക്കളെ ആരെയെങ്കിലും നിർത്തി ഉമ്മൻ‌ചാണ്ടി എന്ന ‘പുതുപ്പള്ളി ഫാക്ടർ’നെ മാറ്റിനിർത്തി മത്സരിക്കാൻ തയാറാകണമായിരുന്നുവെന്നും റഹീം ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം;

Read more

” മത്സരിച്ചതും ജയിച്ചതും ഉമ്മൻചാണ്ടിയാണ്.
ശ്രീ ചാണ്ടി ഉമ്മൻ പറഞ്ഞതുപോലെ ‘അപ്പയുടെ പതിമൂന്നാം വിജയം’.അതിനപ്പുറത്ത് ഒരു രാഷ്ട്രീയവും പുതുപ്പള്ളി വിജയത്തിൽ യുഡിഎഫിന് അവകാശപ്പെടാനില്ല.ആദ്യാവസാനം സഹതാപം ആളിക്കത്തിച്ച തെരഞ്ഞെടുപ്പ്. വിജയിച്ചതിന് ശേഷം മാത്രം എൽഡിഎഫ് സർക്കാരിനെതിരായ വിധിയെന്നൊക്കെ വിളമ്പുന്നത് കോൺഗ്രസ്സിന്റെ രാഷ്ട്രീയ അല്പത്വമാണ്.അത്തരം ഒരു രാഷ്ട്രീയ അങ്കത്തിന് നിങ്ങൾ തയ്യാറായിരുന്നെങ്കിൽ മകനു പകരം കോൺഗ്രസ്സ് നേതാക്കളെ ആരെയെങ്കിലും നിർത്തി ഉമ്മൻ‌ചാണ്ടി എന്ന ‘പുതുപ്പള്ളി ഫാക്ടർ’നെ മാറ്റിനിർത്തി മത്സരിക്കാൻ തയ്യാറാകണമായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകളും തെരഞ്ഞെടുപ്പ് പ്രചരണവും ഒന്നു തന്നെയായിരുന്നു.നാല്പതാം ദിവസം എല്ലാ ബൂത്തിലും ഉമ്മൻചാണ്ടിയുടെ ചിത്രവും പുഷ്പാർച്ചനയും;ഉമ്മൻചാണ്ടിയെ അടക്കംചെയ്ത പള്ളിയിലേക്ക് ഓർഗനൈസ്ഡ് ആയ രാഷ്ട്രീയ തീർത്ഥ യാത്രകൾ..സ്ഥാനാർഥിയുടെ അപ്പ എന്ന വൈകാരിക മന്ത്രം.ഒടുവിൽ ‘രാമൻ അപ്പ’പ്രയോഗം…ഉമ്മൻചാണ്ടിയുടെ മകനും മകളും കുടുംബാംഗങ്ങളും സ്‌ക്രീനിൽ എയർ ടൈം കീപ്പ് ചെയ്തു. ഇതൊക്കെയായിരുന്നു കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ.. അവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്.എന്നാൽ പ്രചരണകാലത്ത് ഒരു രാഷ്ട്രീയ വാചകം പോലും പറയാതെ , “അപ്പ” എന്ന വികാരത്തിന്റെ ചിലവിൽ മാത്രം വിജയിച്ചു വന്നിട്ട് രാഷ്ട്രീയ നേട്ടമാണെന്ന് വീമ്പ് പറയരുത്.
പോളിംഗ് ബൂത്ത് വരെ “അപ്പ ” എന്ന ഫാക്ടർ,ഇപ്പോൾ സർക്കാർ ഫാക്റ്ററും പറയുന്നത് ഒട്ടും യുക്തിസഹമല്ല.”