ജമാഅത്തെ ഇസ്ലാമിയും സി.പി.എമ്മും ഒരുപോലെയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അവര്‍ കേഡറുകളെ പരിശീലിപ്പിക്കുന്നു. അവര്‍ തന്നെ ലക്ഷ്യംവെയ്ക്കുകയാണ്. ഷാബാനു കേസിന്റെ കാലം മുതല്‍ മീഡിയവണിന് തനിക്കെതിരെ മുന്‍വിധിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ട്വന്റിഫോര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.
മീഡിയവണിനെയും കൈരളിയെയും വിലക്കിയതിനു കാരണമെന്തെന്ന ചോദ്യത്തിന് ഗവര്‍ണറുടെ മറുപടി ഇങ്ങനെ ‘ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകന്‍ മൗദൂദിയെ വായിച്ചിട്ടുണ്ടോ? ജമാഅത്തെ ഇസ്‌ലാമിയും മീഡിയവണും തമ്മില്‍ വ്യത്യാസമില്ല’. ജമാഅത്തെ ഇസ്‌ലാമി നിരോധിച്ചോ ഇല്ലയോ എന്നത് വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ മൗദൂദിയെ കുറിച്ച് താന്‍ കൃത്യമായി വായിച്ചിട്ടുണ്ട്. ലോകത്തെ നിരവധിയിടങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് മൗദൂദിയെയാണ് പണ്ഡിതന്മാര്‍ കുറ്റക്കാരനായി കണക്കാക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. കൈരളിയും മീഡിയ വണ്ണും തന്നോട് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം അടുത്ത് വരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
എന്നെ ലക്ഷ്യം വച്ചുള്ള ഇവരുടെ പ്രവര്‍ത്തനം തുടങ്ങിയിട്ട് നാളേറെയായി. എന്റെ ട്വീറ്റില്‍ വിമര്‍ശനം എന്ന വാക്കില്ലായിരുന്നു. പക്ഷേ അവര്‍ അങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്ഭവന്‍ പിആര്‍ഒ ഇരു മാധ്യമങ്ങളെയും ഇക്കാര്യം അറിയിച്ചതാണ്. അത് മാറ്റാമെന്ന് ഇരു മാധ്യമങ്ങളും ഉറപ്പ് നല്‍കിയെങ്കിലും അവരത് മാറ്റിയില്ല. കൈരളി പോലുള്ള കേഡര്‍ മീഡിയയോട് സംസാരിക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചതാണ്. അവര്‍ക്ക് നിരവധി മുന്‍വിധികളുണ്ട്’- ഗവര്‍ണര്‍ പറഞ്ഞു.
രാജ്ഭവന്‍ ക്ഷണിച്ചിട്ടല്ലേ ഇരു മാധ്യമങ്ങളും വന്നതെന്ന ചോദ്യത്തിന് ഗവര്‍ണറുടെ മറുപടിയിങ്ങനെ- ‘അവര്‍ രാജ്ഭവന്‍ പിആര്‍ഒയോട് പറഞ്ഞു, തങ്ങളുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിക്കില്ലെന്ന്. കൈരളിയും മീഡിയവണും എന്നെ കരിവാരിത്തേക്കാനാണ് ശ്രമിക്കുന്നത്.
2019ല്‍ ആദിവാസികള്‍ക്കൊപ്പം അല്‍പനിമിഷം ചെലവിടാനും അവരുടെ പ്രശ്നങ്ങള്‍ അറിയാനും പൊന്മുടിയിലേക്ക് എനിക്ക് ക്ഷണം ലഭിച്ചു. അന്ന് മീഡിയവണ്‍ പറഞ്ഞത് ഞാന്‍ ആസ്വദിക്കാന്‍ പോയതാണ് എന്നാണ്. ഞാന്‍ ചെന്നൈ, മുംബൈ, ബംഗളൂരു ഇവിടെയെല്ലാം പോകുന്നുണ്ട്. അല്ലാതെ പൊന്മുടിയില്‍ പോകുന്നതിന് മാത്രം വിമര്‍ശിക്കേണ്ട കാര്യമുണ്ടോ?’
ഇരുമാധ്യമങ്ങളോടുമുള്ള സമീപനത്തില്‍ ഒരിക്കലും അയവ് വരുത്തില്ലേ എന്ന ചോദ്യത്തിന് തന്റെ അടുത്ത് പോലും വരാന്‍ അവരെ അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.