വിദ്വേഷ പ്രസംഗ കേസുകളില്‍ പി.സി ജോര്‍ജിന് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി അബ്ദുള്‍ നാസര്‍ മഅ്ദനി. ‘പാവം ജോര്‍ജിന് പ്രായം വളരെ കൂടതലും ആരോഗ്യം വളരെ കുറവുമാണ് പോല്‍’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്ക് തുടര്‍ച്ചയായി നീതി നിഷേധിക്കപ്പെട്ടത് ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2008ലെ ബെംഗളൂരു സ്ഫോടന പരമ്പര കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മഅ്ദനി പരപ്പന അഗ്രഹാര കേസില്‍ ജയിലിലായിരുന്നു. നിലവില്‍ ജാമ്യ വ്യവസ്ഥയില്‍ ബെംഗളൂരുവില്‍ കഴിയുകയാണ് അദ്ദേഹം. ശാരീരിക അസ്വസ്ഥകള്‍ അലട്ടുന്ന മഅ്ദനി ഇപ്പോള്‍ ആശുപത്രിയിലാണ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ച്ചയായി ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടുന്ന ഇദ്ദേഹത്തെ ഇടയ്ക്കിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരാറുണ്ട്.
ജനപ്രതിനിധിയായിരുന്നതും പ്രായവും പരിഗണിച്ചാണ് മതവിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തുടര്‍ച്ചയായി കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ടെന്ന് കോടതി വിലയിരുത്തി. വിദ്വേഷ പ്രസംഗം നടത്തരുത് എന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ജാമ്യത്തിന് മുന്‍ എംഎല്‍എ എന്നതും പി സി ജോര്‍ജിന്റെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്തു. വെണ്ണല വിദ്വേഷപ്രസംഗ കേസിലും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അതേസമയം പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. പി.സി ജോര്‍ജ് ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നില്ല. എങ്ങനെ നിയന്ത്രിക്കുമെന്നുള്ളതാണ് പ്രശ്നമെന്നും സര്‍ക്കാര്‍ പറഞ്ഞു.വെണ്ണല കേസില്‍ കോടതി അറസ്റ്റ് തടഞ്ഞതിന് ശേഷം ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ല എന്നും ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കാമെന്നും പിസി ജോര്‍ജ് പറഞ്ഞു.