ഹരി മോഹൻ
അബ്ദുറഹിമാൻ കല്ലായി ഇന്നലെ സംസാരിച്ചതൊക്കെയും എതിർക്കപ്പെടേണ്ടതാണ്. വീണയ്ക്കും റിയാസിനുമെതിരെ മാത്രമല്ല, സ്വവർഗ ലൈംഗികതയെ അവഹേളിക്കുന്ന തരത്തിൽ അയാൾ സംസാരിച്ചിട്ടുണ്ട്. ഏറ്റവുമധികം എതിർക്കപ്പെടേണ്ടുന്ന ഒന്നാണത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക സ്വാതന്ത്ര്യത്തെ അയാൾ വിശേഷിപ്പിച്ചത് ‘വിഡ്ഢിത്തം’ എന്നാണ്. ഇതുപോലുള്ള വ്യക്തികളെ മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു പുറത്താക്കുകയും അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യുക എന്നുള്ളതാണ് ഇനിയങ്ങോട്ടു ചെയ്യാനുള്ളത്. ഒട്ടും കാലതാമസം ഉണ്ടാകരുത് ഇക്കാര്യത്തിൽ.
അപ്പോഴും പറയാനുള്ളതു രണ്ടു കാര്യങ്ങളാണ്.
ഒന്ന്,
ഇന്നലെ കോഴിക്കോട് കടപ്പുറത്തു മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടന്ന വഖഫ് സംരക്ഷണ റാലിയിൽ ലക്ഷക്കണക്കിന് ആളുകൾ ഒത്തുചേർന്നത് ഒരു രാഷ്ട്രീയ പ്രഖ്യാപനമായാണ്. അപരിഷ്കൃത സമൂഹത്തിന്റെ ഉത്പന്നമായ ജീർണിച്ച ചിന്തയും മനസ്സിൽ പേറി നടക്കുന്ന ഇത്തരം ജനാധിപത്യ വിരുദ്ധരുടെ വാചാടോപങ്ങളിൽ തകർക്കാൻ ശ്രമിക്കേണ്ടത് ആ രാഷ്ട്രീയ പ്രഖ്യാപനത്തെയല്ല. അബ്ദുറഹിമാൻ കല്ലായിയുടെ സ്ത്രീവിരുദ്ധ, ക്വീർ വിരുദ്ധ പ്രസ്താവനയിൽ ഇല്ലാതാകുന്നതല്ല ഇന്നലെ മുസ്ലിം ജനവിഭാഗം ഉയർത്തിപ്പിടിച്ച രാഷ്ട്രീയം.
മുസ്ലിം പള്ളികളുടെയും മദ്രസകളുടെയും ദർസുകളുടെയും അനാഥാലയങ്ങളുടെയും ഉടമസ്ഥാവകാശമുള്ള വഖഫ് സ്വത്തുക്കളിൽ നിന്നുള്ള വരുമാനത്തിൽ പ്രവർത്തിക്കുന്ന വഖഫ് ബോർഡിലെ നിയമനം പി.എസ്.എസിക്കു വിടാനുള്ള ഏകപക്ഷീയമായ ഭരണകൂട തീരുമാനം ഒരു വിധത്തിലുമുള്ള കൂടിയാലോചനകളും ഇല്ലാതെയായിരുന്നു. ഇപ്പോഴും ആ തീരുമാനം പിൻവലിച്ചിട്ടില്ല. മുസ്ലിം സമുദായത്തെ അപരവത്കരിച്ചു ലീഗിനു വർഗീയ പരിവേഷം നൽകാനുള്ള സർക്കാരിന്റെ ശ്രമത്തോടുള്ള ശക്തമായ വിയോജിപ്പാണ് ഇന്നലെ കണ്ടത്. ഒരു സമുദായത്തിന് അർഹതപ്പെട്ട അവകാശങ്ങളിൽ നിന്ന് അവരെ മാറ്റിനിർത്തുന്നതു കടുത്ത അനീതിയാണ്. ആ അനീതി ചോദ്യം ചെയ്യുന്നതിന്റെ മെറിറ്റ് പോലും അട്ടിമറിക്കാനുള്ള ആയുധമായി ഈ വകയാളുകളുടെ മനുഷ്യത്വ, ജനാധിപത്യ, ഭരണഘടനാ വിരുദ്ധതകളെ സ്വീകരിക്കുന്നതും എതിർക്കപ്പെടേണ്ടതാണ്.
രണ്ട്,
രണ്ടു വ്യക്തികൾക്ക് ഒന്നിച്ചു ജീവിക്കാൻ, വിവാഹം എന്ന ഉടമ്പടി ഇല്ലാതെ പോലും ജീവിക്കാൻ, എല്ലാവിധ അവകാശങ്ങളും അധികാരങ്ങളും നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. വീണയ്ക്കും റിയാസിനും മാത്രമല്ല, അനുപമയ്ക്കും അജിത്തിനും കൂടി ആ അവകാശവും അധികാരവും ലഭിക്കേണ്ടതുണ്ട്. ഒന്നിച്ചു ജീവിക്കാനും ഒരു കുഞ്ഞിനു ജീവൻ നൽകാനുമുള്ള അവരുടെ ജനാധിപത്യാവകാശത്തെ ഇത്രനാളും ചോദ്യം ചെയ്തും പരിഹസിച്ചും ഇവിടെ നിലനിന്ന അബ്ദുറഹിമാൻ കല്ലായിമാർ വീണയ്ക്കും റിയാസിനും വേണ്ടി രംഗത്തിറങ്ങിയത് ഒട്ടും നിഷ്കളങ്കമല്ല. ഇതുവഴി മുസ്ലിം ലീഗ് ഉയർത്തുന്ന രാഷ്ട്രീയത്തെ അപ്പാടെ റദ്ദു ചെയ്യുക എന്നതും ഭരണകൂടത്തിനെതിരായ ചോദ്യങ്ങളെ അടിച്ചമർത്തുക എന്നതും വളരെ വൃത്തിയായി നടപ്പിലാക്കാം എന്നു കരുതുന്നവരോട് ഒരു കാരണവശാലും യോജിക്കാനില്ല.
Read more
അബ്ദുറഹിമാൻ കല്ലായിയുടെ രാഷ്ട്രീയം ഭരണഘടനാ വിരുദ്ധമാണ്. ആ രാഷ്ട്രീയമല്ല ഇന്നലെ കോഴിക്കോട് കടപ്പുറത്തു കണ്ടത്. വീണയ്ക്കും റിയാസിനും നേരെ ഉയരുന്ന അരാഷ്ട്രീയത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ആ അരാഷ്ട്രീയത അനുഭവിക്കുന്നവരുടെ എണ്ണം വീണയിലും റിയാസിലും തുടങ്ങി അവരിൽത്തന്നെ അവസാനിക്കുന്നതല്ല. ഒരു ദുഷിച്ച ചിന്തയിൽ നിന്നു വന്ന പരിഹാസവും അവഹേളനവും മാസങ്ങളോളം അനുഭവിച്ച, ഇപ്പോഴും അനുഭവിക്കുന്ന അനുപമയ്ക്കും അജിത്തിനുമൊപ്പം നിലനിന്നു കൊണ്ടു സംസാരിക്കുക എന്നതു കൂടിയാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും മനോഹരമായ, മാന്യമായ ജനാധിപത്യം. ആ രാഷ്ട്രീയം സംസാരിക്കുന്നവരോട്, അവരോടു മാത്രം ആദരവുണ്ട്. അതല്ലാത്ത ഇരട്ടത്താപ്പുകളോടൊക്കെ വിയോജിപ്പാണ്.