അഭയ കേസ്; ഫാ.തോമസ് കോട്ടൂരിന് എതിരെ നിരവധി വിദ്യാർത്ഥിനികൾ പരാതി നൽകിയിരുന്നെന്ന് സാക്ഷിമൊഴി

സിസ്റ്റർ അഭയ കേസിൽ വിചാരണ തുടരുന്നതിനിടെ പ്രതികൾക്കെതിരെ വീണ്ടും സാക്ഷിമൊഴി. കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരും ഫാ.ജോസ് പുതൃക്കയിലും സ്വഭാവദൂഷ്യമുണ്ടായിരുന്നവരെന്ന് കേസിലെ പന്ത്രണ്ടാം സാക്ഷി പ്രൊഫസർ ത്രേസ്യാമ്മ മൊഴി നൽകി. ഫാ.തോമസ് കോട്ടൂരിനെതിരെ നിരവധി വിദ്യാർത്ഥിനികൾ പരാതി നൽകിയിട്ടുണ്ടെന്നും പ്രൊഫസർ ത്രേസ്യാമ്മ വ്യക്തമാക്കി. അഭയയുടെ അധ്യാപികയായിരുന്നു പ്രൊഫസർ ത്രേസ്യാമ്മ.

കേസിൽ സാക്ഷിവിസ്താരം തുടരുകയാണ്. നാൽപ്പത്തിയാറ് മുതൽ 52 വരെയുള്ള സാക്ഷികളുടെ വിസ്താരമാണ് ഇന്ന് നടക്കുക. വിചാരണയ്ക്കിടെ സാക്ഷികൾ കൂട്ടമായി കൂറുമാറിയിരുന്നു. ഇതുവരെ ആറുപേരാണ് കേസിൽ കൂറുമാറിയത്. ഇന്നലെ വിസ്തരിച്ച 53-ാം സാക്ഷി സിസ്റ്റർ ആനി ജോണും 40-ാം സാക്ഷി സിസ്റ്റർ സുധീപയുമാണ് അവസാനമായി കൂറുമാറിയ സാക്ഷികൾ. ഇവരെ കൂടാതെ നാലാം സാക്ഷി സഞ്ജു പി മാത്യു, 50-ാം സാക്ഷി സിസ്റ്റർ അനുപമ, 21-ാം സാക്ഷി നിഷാ റാണി, 23-ാം സാക്ഷിയായ അച്ചാമ്മ എന്നിവരാണ് കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ മറ്റ് സാക്ഷികൾ.

ഇതിനിടെ കൂറുമാറുമെന്ന സൂചന ലഭിച്ചതിനെ തുടർന്ന് 41-ാം സാക്ഷി സിസ്റ്റർ നവീനയെയും 42-ാം സാക്ഷി കൊച്ചുറാണിയെയും സാക്ഷിപ്പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് സിബിഐ ഇന്നലെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ 36-ാം സാക്ഷി സിസ്റ്റർ വിനിത, 37-ാം സാക്ഷി സിസ്റ്റർ ആനന്ദ്, 39 -ാം സാക്ഷി സിസ്റ്റർ ഷെർളി എന്നിവരെയും കൂറുമാറുമെന്ന സൂചന ലഭിച്ചതിനെ തുടർന്ന് സാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടാതെ കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികൾക്കെതിരെ കേസെടുക്കാൻ സിബിഐ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സഞ്ജു പി മാത്യു, സിസ്റ്റർ അനുപമ എന്നിവർക്കെതിരെയാണ് സിബിഐ നിയമനടപടി സ്വീകരിക്കുക.

അതേസമയം, കേസിൽ പ്രൊഫസർ ത്രേസ്യാമ്മയടക്കം ഇതുവരെ ആറുപേർ അനുകൂല മൊഴി നൽകിയിട്ടുണ്ട്. കേസിലെ എട്ടാം സാക്ഷിയും കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ മുൻ സീനിയർ സിവിൽ പൊലീസ് ഓഫീസറുമായിരുന്ന എം എം തോമസ്, ഇരുപതാം സാക്ഷി വര്‍ഗീസ് ചാക്കോ, ഏഴാം സാക്ഷിയായ വേണുഗോപാലൻ നായർ, അഞ്ചാം സാക്ഷിയായ ഷമീർ, രാജു എന്നിവരാണ് പ്രതികൾക്കെതിരെ മൊഴി നൽകിയ കേസിലെ മറ്റ് സാക്ഷികൾ.

2009-ൽ കുറ്റപത്രം സമർപ്പിച്ച അഭയ കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ നടക്കുന്നത്. ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. രണ്ടാം പ്രതി ഫാ ജോസ് പുതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. 1992 മാർച്ച് 27- ന് കോട്ടയം പയസ് ടെന്ത് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993-ലാണ് സിബിഐ ഏറ്റെടുത്തത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു