മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാന ‘ധോണി’ യുടെ ശരീരത്തില്‍ നിന്ന് 15 ഓളം പെല്ലെറ്റുകള്‍ കണ്ടെത്തി. വനംവകുപ്പ് നടത്തിയ ശരീര പരിശോധനയിലാണ് പെല്ലെറ്റുകള്‍ കണ്ടെത്തിയത്. ജനവാസ മേഖലയില്‍ ഇറങ്ങുന്ന ആനയ്ക്ക് നേരെ നാടന്‍ തോക്കുകളില്‍ നിന്ന് വെടിയുതിര്‍ത്തതാകാം ഇതിന് പിന്നിലെ കാരണമെന്ന് അധികൃതര്‍ പറയുന്നു.
ഇത്തരത്തില്‍ പെല്ലെറ്റുകള്‍ ശരീരത്തില്‍ തറച്ചത് ആന അക്രമാസക്തനാകാന്‍ കാരണമായിട്ടുണ്ടാകാം. ഇത്തരം പെല്ലെറ്റുകളില്‍ ചിലത് വനംവകുപ്പ് അധികൃതര്‍ തന്നെ നീക്കം ചെയ്തിട്ടുണ്ട്.
ധോണി വനംഡിവിഷന്‍ ഓഫീസിന് സമീപത്തെ കൂട്ടിലാണ് ഇപ്പോള്‍ പിടി7 ഉള്ളത്. ആനയെ ശീലങ്ങള്‍ പഠിപ്പിക്കാന്‍ രണ്ട് പാപ്പാന്മാരെയാണ് നിയോഗിച്ചത്. ഇവരെക്കൂടാതെ, ചട്ടംപഠിപ്പിക്കാന്‍ വനംവകുപ്പിന്റെ വിദഗ്ധസംഘമുണ്ടാകും. മയക്കുവെടിയേറ്റതിന്റെ ക്ഷീണമെല്ലാം മാറിയെന്നും നിലവില്‍ ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും കെ. വിജയാനന്ദ് പറഞ്ഞു. ഏകദേശം 23 വയസ്സാണ് ആനയുടെ പ്രായമെന്നാണ് നിഗമനം.
നൂറുകണക്കിനാളുകളാണ് ആനയെ കാണാനായി ധോണിയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇതോടെ, ധോണി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് താത്കാലികമായി പ്രവേശനവിലക്കേര്‍പ്പെടുത്തി.