കോന്നിയിലുണ്ടായ വാഹനാപകടത്തിൽ നാല് പേരുടെ മരണം വേദനാജനകമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. മരണത്തിന് കാരണമായത് ഡ്രൈവർ ഉറങ്ങി പോയത് കൊണ്ടാകാം എന്നാണ് എംവിഡിയുടെയും പൊലീസിൻറെയും വിലയിരുത്തൽ. നമ്മുടെ അശ്രദ്ധ കൊണ്ടാണ് അപകടങ്ങൾ ഉണ്ടാവുന്നതെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.
“കോന്നിയിലെ അപകടം വളരെ ദുഃഖകരമാണ്. ശബരിമല സീസണാണ്. നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. കാറിലെ ഡ്രെെവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് എംവിഡിയുടെയും പൊലീസിൻറെയും വിലയിരുത്തൽ. വാഹനമോടിക്കുമ്പോൾ ഉറക്കം വന്നാൽ വണ്ടി നിർത്തിയിട്ട് ഉറങ്ങണം. വീട്ടിൽ പോയി ഉറങ്ങാമെന്നൊന്നും കരുതരുത്. നമ്മുടെ അശ്രദ്ധ കൊണ്ടാണ് അപകടങ്ങൾ ഉണ്ടാവുന്നത്.
എല്ലാവരും ശ്രദ്ധിക്കണം. അടുത്തിടെയായി അപകടങ്ങൾ വർധിക്കുന്നു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ഡ്രൈവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രം അപകടം കുറയ്ക്കാൻ സാധിക്കില്ല. സ്വയം നിയന്ത്രണം കൂടി വേണം. റോഡിൻറെ അപാകത ആണെങ്കിൽ അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. ശ്രദ്ധയോടെ വാഹനം ഓടിക്കുക എന്നതാണ് പ്രധാനം” കെ ബി ഗണേഷ് കുമാർ പറഞ്ഞു.
ഇന്ന് വെളുപ്പിനെ നാല് മണിക്കാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും കാറും ഇടിച്ചാണ് അപകടം ഉണ്ടായത്. കോന്നി മല്ലശ്ശേരി സ്വദേശികളായ ഈപ്പന്‍ മത്തായി, നിഖിന്‍ (29), അനു (26), ബിജു പി. ജോര്‍ജ് എന്നിവരാണ് മരിച്ചത്. മലേഷ്യയില്‍ മധുവിധുവിന് പോയ ശേഷം മടങ്ങിയെത്തിയതായിരുന്നു അനുവും നിഖിലും. ഇവരെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുവും ഈപ്പന്‍ മത്തായിയും.കാനഡയിലാണ് നിഖില്‍ ജോലി ചെയ്യുന്നത്. വിവാഹശേഷം ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു നിഖില്‍.