അജ്ഞാതവാഹനം ഇടിച്ച് പരിക്കേൽക്കുന്നവർക്ക് ചികിത്സയും നഷ്ടപരിഹാരവും നൽകാനായി കേന്ദ്ര സർക്കാർ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമരൂപമായി. ഇതിനായി ഇൻഷുറൻസിൽനിന്നു നിശ്ചിത ശതമാനം മാറ്റിവെയ്ക്കും. ഒന്നര ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ലഭിക്കുക. അപകടത്തിൽ പരിക്കേൽക്കുന്നവർക്കെല്ലാം ഈ സൗജന്യത്തിന് അർഹതയുണ്ട്. തേർഡ്പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ 0.1 ശതമാനം വർധന വരുത്തിയാണ് നഷ്ടപരിഹാരം നൽകുക.
ദേശീയപാതാവിഭാഗം വിവിധ സേവനങ്ങൾക്ക് സെസ് ഈടാക്കുന്നതും പരിഗണനയിലുണ്ട്. ഇത്തരത്തിൽ സ്വരൂപിക്കുന്ന തുകയിൽനിന്നാകും നഷ്ടപരിഹാരവും സൗജന്യചികിത്സയും നൽകുക. എല്ലാ വാഹന ഇൻഷുറൻസ് പോളിസികളിലും നിശ്ചിതശതമാനം മാറ്റിവെച്ച് ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളിടിച്ച് പരിക്കേൽക്കുന്നവർക്ക് ചികിത്സ ലഭ്യമാക്കും. അധികപ്രീമിയം ഈടാക്കാനും കമ്പനികൾക്ക് അനുമതി നൽകും.
ആശുപത്രികൾ ചികിത്സ നിഷേധിക്കാൻ പാടില്ല. ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നൽകാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ചികിത്സ നൽകുന്ന ആശുപത്രികൾക്ക് പിന്നീട് സർക്കാർ തുക നൽകും. ഇതിനായി കാഷ്‌ലെസ് സംവിധാനമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
പരിക്കേറ്റ ആദ്യ മണിക്കൂറുകൾ നിർണായകമാണ്. കൃത്യമായ വൈദ്യപരിചരണം ലഭിച്ചാൽ ജീവൻ രക്ഷിക്കാനാകും. ഉത്തരവാദപ്പെട്ടവർ എത്തുന്നതുവരെ ചികിത്സ വൈകിപ്പിക്കുന്ന പതിവ് ചില ആശുപത്രികളിലുണ്ട്. ഇതൊഴിവാക്കാനാണ് സൗജന്യചികിത്സ നിർബന്ധമാക്കുന്നത്.