മരക്കൊമ്പ് ഒടിഞ്ഞുവീണു കൈയൊടിഞ്ഞ് മരത്തിനു മുകളിൽ കുടുങ്ങി; അപകടം മരം മുറിക്കുന്നതിനിടെ

ആലപ്പുഴയിൽ മരം മുറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. അഗ്നിരക്ഷാസേനയാണ് സാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെ മാരാരിക്കുളം പൊള്ളേത്തൈ സ്വദേശി സനോജിനെ രക്ഷപ്പെടുത്തിയത്. മരക്കൊമ്പ് ഒടിഞ്ഞുവീണു കൈയൊടിഞ്ഞ് മരത്തിനു മുകളിൽ കുടുങ്ങിയനിലയിലായിരുന്നു സനോജ്.

ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ തറമൂട് ജങ്ഷനു വടക്കുവശത്തായി കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. റോഡരികിലെ കാറ്റാടിമരം വെട്ടിനീക്കുന്ന ജോലിക്കിടെയാണ് സനോജ് അപകടത്തിൽ പെട്ടത്. 30 അടിയിലേറെ ഉയരമുള്ള കാറ്റാടിമരമാണ് സനോജ് വെട്ടിത്തുടങ്ങിയത്.

Read more

ഏറ്റവും ഉയരത്തിലുള്ള കൊമ്പ് വെട്ടിയിറക്കുന്നതിനിടെ കൊമ്പുതെന്നി ഇടതുകൈയിൽ അടിക്കുകയായിരുന്നു. കൈ ഒടിഞ്ഞയുടൻ വേദനകൊണ്ടു പുളഞ്ഞ സനോജ് മരത്തിനു മുകളിലിരുന്നു നിലവിളിച്ചു. ഇതോടെ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.