കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം ചട്ടപ്രകാരമെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. വൈസ് ചാന്‍സലര്‍ ആയി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. അപ്പീല്‍ തള്ളിയതോടെ പുനര്‍ നിയമനത്തിന് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കി.
ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനത്തിനെതിരെ സെനറ്റ് അംഗമായ പ്രേമചന്ദ്രന്‍ കീഴോത്ത് ഉള്‍പ്പടെയുള്ളവരായിരുന്നു ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ അറിയിച്ചത്. പ്രായപരിധി മാനദണ്ഡം ലംഘിച്ചും, സെര്‍ച്ച് കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയുമാണ് നിയമനം എന്ന് അപ്പീലില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുനര്‍ നിയമനമാണ് പുതിയ നിയമനമല്ല നടത്തിയത് എന്നായിരുന്നു സര്‍ക്കാര്‍ വാദം.
പുനര്‍ നിയമനത്തിന് പ്രായപരിധി ബാധകമല്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തല്‍. വി.സി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റിയുടെ അനുമതിയുടെ ആവശ്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.
Read more
നേരത്തെ വി.സി നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അധികാരം ദുര്‍വിനിയോഗവും, സ്വജനപക്ഷപാതവും കാണിച്ചെന്ന് ചൂണ്ടിക്കാട്ടി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയില്‍ നല്‍കിയ ഹര്‍ജി തളളിയിരുന്നു. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും നല്‍കിയത് നിര്‍ദ്ദേശം മാത്രമാണ് എന്നായിരുന്നു ലോകായുക്തയുടെ വിധി.