'സഹോദരിയെ പറ്റി മോശമായി സംസാരിച്ചു, കുടുബത്തെ അധിക്ഷേപിച്ചു'; കൊലപാതക കാരണം വെളിപ്പെടുത്തി പ്രതി ഋതു ജയൻ

എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയതിൽ കാരണം പറഞ്ഞ് പ്രതി റിതു ജയൻ. തൻ്റെ കുടുംബത്തെ നിരന്തരം ആക്ഷേപ്പിച്ചതും സഹോദരിയെ പറ്റി ജിതിൻ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നാണ് റി​തു ജയൻറെ വാദം. കൊലപാതകത്തിന് പിന്നാലെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന പ്രതി രണ്ട് ദിവസം മുൻപാണ് നാട്ടിൽ എത്തിയത്. ഇതിന് പിന്നാലെയാണ് ഇയാൾ കൊലപാതകം നടത്തിയത്.

ആക്രമണം നടത്തുന്ന സമയത്ത് ഇയാൾ മദ്യമോ ലഹരിയോ ഒന്നും ഉപയോ​ഗിച്ചിരുന്നില്ലായെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. മാനസികപരമായി പ്രശന്ങ്ങൾ നേരിടുന്ന വ്യക്തിയല്ല ഇയാളെന്നും പരിശോധനയിൽ തെളിഞ്ഞിരുന്നു. ജിതിനെ റിതു ആക്രമിക്കാൻ ചെന്നപ്പോൾ ആദ്യം ജിതിൻ്റെ ഭാര്യ വിനീഷയാണ് പുറ‍ത്തിറങ്ങി വന്നത്. വിനീഷയെ അടിച്ച് വീഴത്തിയ ശേഷം പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച ശേഷം കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ച് വീഴത്തുകയായിരുന്നു.