പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വന്‍ വഴിത്തിരിവ്. ഭാര്യയുമായുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയെന്ന് കോടതിയെ അറിയിച്ച് കേസിലെ പ്രതി രാഹുല്‍ പി ഗോപാല്‍. ഇരുവരും തമ്മിലുണ്ടായിരുന്നത് തെറ്റിദ്ധാരണ മൂലമുള്ള പ്രശ്‌നങ്ങളായിരുന്നെന്നും കേസില്‍ തനിക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഹര്‍ജി സമര്‍പ്പിച്ചു.
രാഹുലിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിലപാട് തേടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍, കോഴിക്കോട് പന്തീരാങ്കാവ് എസ്എച്ച്ഒ, പരാതിക്കാരി എന്നിവര്‍ക്ക് ഇത് സംബന്ധിച്ച് കോടതി നോട്ടീസ് അയച്ചു. പരാതി ബന്ധുക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് പരാതിക്കാരി നേരത്തെ സാമൂഹ്യ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് രാഹുല്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരിയുമായുള്ള തര്‍ക്കം സ്വകാര്യമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഒരുമിച്ച് ജീവിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഹര്‍ജിയ്‌ക്കൊപ്പം കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിക്കാരിയുടെ സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്.
ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിച്ചെന്നാണ് പരാതിക്കാരിയുടെ സത്യവങ്മൂലത്തിലുള്ളത്. രാഹുലുമായി ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഭര്‍ത്താവിനെതിരെ മൊഴി നല്‍കേണ്ടി വന്നത് ബന്ധുക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.