കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അച്ചു ഉമ്മന്‍; ലോകസഭാ സിറ്റിങ്ങ് സീറ്റിനെക്കുറിച്ച് പ്രതികരിച്ച് ജോസ് കെ മാണി

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സിറ്റിങ് സീറ്റായ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ മത്സരിക്കാനെത്തുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ജോസ് കെ മാണി. ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ആര് മത്സരിച്ചാലും ഭയമില്ലെന്ന് അദേഹം പറഞ്ഞു. തോമസ് ചാഴിക്കാടന്‍ വിജയിച്ച സീറ്റില്‍ അച്ചു ഉമ്മന്‍ മത്സരിച്ചാല്‍ തിരിച്ച് പിടിക്കാന്‍ സാധിക്കുമെന്ന് തിരുവഞ്ചൂ രാധാകൃഷ്ണന്‍ എംഎല്‍എ അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ കൂടുതല്‍ സീറ്റ് ലഭിക്കാനുള്ള സാഹചര്യമുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് വ്യക്തമാക്കി. കൂടുതല്‍ സീറ്റ് ചോദിക്കണം എന്ന് പൊതു വികാരമുണ്ട്. എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ച ആരംഭിക്കുന്ന മുറക്ക് ആവശ്യം ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിലേക്ക് കേരളാ കോണ്‍ഗ്രസ് തിരിച്ച് പോകില്ലെന്നും അദ്ദേഹം അറിയിച്ചു.

എല്‍ഡിഎഫില്‍ കുടുംബാന്തരീക്ഷമാണുള്ളത്. ആരും പുറകില്‍ നിന്ന് കുത്തുന്നില്ല. കേരള കോണ്‍ഗ്രസ് മുന്നണിക്കുള്ളില്‍ നിന്ന് വളരുന്നു. യുഡിഎഫിലേക്കുള്ള ക്ഷണം തള്ളുന്നുതായും ജോസ് കെ മാണി പറഞ്ഞു. കോട്ടയം സീറ്റിന് പുറമെ മറ്റൊരു സീറ്റ് ആവശ്യപ്പെടുമെന്നും ഉന്നതാധികാര സമിതിയില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

Read more

വനം വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വേണമെന്ന ആവശ്യമുന്നയിച്ച് പാര്‍ട്ടി ജനകീയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മത്സ്യതൊഴിലാളികളെ സംരക്ഷിക്കാന്‍ കടലാവകാശ നിയമം നടപ്പിലാക്കണമെന്നും ആവശ്യപ്പെടും. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറെടുക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു. കേന്ദ്രം വിചാരിച്ചാല്‍ മാത്രമേ നിയമം നടപ്പിലാകൂ. നിയമം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.