തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പരാതിപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. സമൂഹമാധ്യമങ്ങളിലൂടെ അച്ചു ഉമ്മനെ മോശമായി ചിത്രീകരിച്ച സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥൻ കെ നന്ദകുമാറിനെതിരെയും പരാതിനൽകിയിട്ടുണ്ട്.വനിതാ കമ്മീഷനിലും സൈബർ സെല്ലിലും പൂജപ്പുര പൊലീസ് സ്റ്റേഷനിലുമാണ് പാരാതി നൽകിയത്.
പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സമൂഹമാധ്യമങ്ങലിൽ സൈബർ ആക്രമണം തുടങ്ങിയത്. അതിനിടെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നതോടെ പ്രതിരോധം തീർക്കാൻ ഇടത് ക്യാമ്പുകൾ അച്ചു ഉമ്മനെ ഉപയോഗിക്കുകയായിരുന്നു.
വിവാദങ്ങളിൽ പ്രതികരിച്ച് അച്ചു ഉമ്മൻ നേരത്തെ തന്നെ ഫെയ്സ്ബുക്ക് കുറിപ്പ് ഇട്ടിരുന്നു. പ്രഫഷനിൽ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും സ്വന്തമാക്കിയിട്ടില്ലെന്നും എല്ലാ കാര്യങ്ങളിലും സുതാര്യത പുലർത്തിയിട്ടുണ്ടെന്നും അച്ചു ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു.
സൈബർ പോരാളികൾ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പിതാവിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണ് ഇടപെടലുകളെന്നും ഇത് വളരെ നിരാശാജനകമാണെന്നും അച്ചു ഉമ്മൻ കുറിച്ചു.
അതേസമയം ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്ന തന്റെ ചിത്രങ്ങൾ ചേർത്ത് ഇടത് സൈബർ ഹാൻഡിലുകളിലെ അധിക്ഷേപങ്ങളോട് പ്രതികരിച്ചായിരുന്നു അച്ചു ഉമ്മൻ ആദ്യം രംഗത്തുവന്നത്.
ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടി.മരിച്ചപ്പോൾ മക്കളെ വേട്ടയാടുന്നു.ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ. സൈബർ ആക്രമണം അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അച്ചു പറഞ്ഞിരുന്നു.