കണ്ണില്ലാത്ത ക്രൂരത; കന്നുകാലികളെ തുരത്തുന്നത് ദേഹത്ത് ആസിഡ് ഒഴിച്ച്

തൃശൂര്‍ പാലപ്പിള്ളി തോട്ടങ്ങളില്‍ പശുക്കള്‍ക്ക് നേരെ ആസിഡ് ആക്രമണം. പിള്ളത്തോട് പാലത്തിന് സമീപം തിങ്കളാഴ്ചയാണ് പൊള്ളലേറ്റ പശുവിനെ കണ്ടെത്തയത്. ആസിഡ് ദേഹത്ത് വീണ് തൊലി പൊള്ളി അടര്‍ന്ന നിലയിലായിരുന്നു.

ഇവിടങ്ങളിലെ തോട്ടങ്ങളില്‍ നൂറുകണക്കിന് പശുക്കളാണ് രാപകലിലില്ലാതെ മേഞ്ഞു നടക്കുന്നത്. പിള്ളത്തോട്, പാലപ്പിള്ളി, മൈസൂര്‍, കുണ്ടായി, പുതുക്കാട് തോട്ടങ്ങളില്‍ വ്യപകമായി പശുക്കള്‍ ഇറങ്ങി കൃഷി നശിപ്പിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. തോട്ടപ്പശുക്കള്‍ എന്നറിയപ്പെടുന്ന ഇവയുടെ ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നു.

പശുക്കളെ കൃഷിയിടത്തില്‍ നിന്ന് ഓടിക്കാന്‍ നാട്ടുകാര്‍ തന്നെയാണ് പശുക്കളോട് ഈ ക്രൂരത ചെയ്യുന്നത്. എത്ര ഓടിച്ചാലും വീണ്ടും തിരിച്ചെത്തുന്നതിനാല്‍ നാട്ടുകാരില്‍ ചിലര്‍ അറിഞ്ഞു കൊണ്ടു തന്നെയാണ് ഈ മിണ്ടാപ്രാണികളോട് കണ്ണില്ലാത്ത ക്രൂരത കാട്ടുന്നത്. പശുക്കളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് തോട്ടങ്ങളില്‍ നിന്ന് തുരത്തി ഓടിക്കുകയാണ് ചെയ്യുന്നത്.

ചിത്രത്തിന് കടപ്പാട്: മാതൃഭൂമി