ആദ്യം കേന്ദ്രമന്ത്രി പദവിയില്‍ ശ്രദ്ധിക്കൂ; അഭിനയം പിന്നീടാകാമെന്ന് മോദിയും ഷായും; താടിവടിച്ച് സുരേഷ് ഗോപി; ഏറ്റെടുത്ത സിനിമകള്‍ ഉടനില്ല

നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അനുമതി നിക്ഷേധിച്ച് ബിജെപി കേന്ദ്രനേതൃത്വം. മന്ത്രി പദവിയില്‍ ശ്രദ്ധിച്ച് മുന്നോട്ട് പോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അദേഹത്തിന് നിര്‍ദേശം നല്‍കി.
സുരേഷ് ഗോപി മണ്ഡലത്തിലും ഓഫീസിലും ശ്രദ്ധിക്കാനാണ് നേതാക്കള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സുരേഷ് ഗോപി ഏറ്റെടുത്ത സിനിമകള്‍ ഉടന്‍ പൂര്‍ത്തിയാക്കില്ല.

നേരത്തെ സനിമ അഭിനയം തുടരുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാല്‍, ഇതിന് അനുമതി നിക്ഷേധിച്ചതോടെയാണ് തിരഞ്ഞെടുപ്പുകാലംമുതല്‍ ശ്രദ്ധയോടെ കൊണ്ടുനടന്ന താടി സുരേഷ് ഗോപി വടിച്ചത്.

‘ഒറ്റക്കൊമ്പന്‍’ സിനിമ ഉടന്‍ യാഥാര്‍ഥ്യമാകില്ലെന്ന സ്ഥിതിയിലാണ് രൂപമാറ്റം. സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ ഹൈലൈറ്റാണ് താടിയെന്ന് നടന്‍തന്നെ പറഞ്ഞിരുന്നു. താടിയില്ലാത്ത ചിത്രം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ട് ‘മാറ്റമില്ലാത്തത് മാറ്റത്തിനാണ്’ എന്ന് അദ്ദേഹം കുറിച്ചു.

‘ഒറ്റക്കൊമ്പന്‍’ സിനിമയുടെ പ്രധാനപ്പെട്ട രംഗങ്ങള്‍ പാലായിലെ കുരിശുപള്ളി പെരുന്നാളിലാണ് ചിത്രീകരിക്കേണ്ടത്. ഡിസംബര്‍ ഏഴ്, എട്ട് തീയതികളിലാണ് പെരുന്നാള്‍. സിനിമയുടെ ആദ്യഭാഗം കഴിഞ്ഞവര്‍ഷത്തെ പെരുന്നാള്‍ ദിനങ്ങളില്‍ പൂര്‍ത്തിയാക്കിയിരുന്നു.

Read more

ഇറ്റലിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ ഇന്ത്യന്‍ സംഘത്തില്‍ അംഗമാണ് സുരേഷ് ഗോപി. തിരിച്ചെത്തിയാലുടന്‍ പാര്‍ലമെന്റ് സമ്മേളനം തുടങ്ങും. സമ്മേളനം ഡിസംബര്‍ പകുതിയോടെയേ അവസാനിക്കൂ. അതിനാല്‍, പെരുന്നാളിനോടനുബന്ധിച്ചുള്ള ഷൂട്ടിങ്ങിന് ഒരുവര്‍ഷംകൂടി കാത്തിരിക്കണം. ഇതാണ് താടി വടിക്കാന്‍ കാരണം. കേന്ദ്രമന്ത്രിക്ക് പ്രതിഫലം വാങ്ങിയുള്ള മറ്റൊരു ജോലിക്ക് നിയമതടസ്സമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിനയത്തിനുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്.